ന്യൂദല്‍ഹി- ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അവിടത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഒ.ഐ.സിക്ക് (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോഓപറേഷന്‍) കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അതിഥിയായി പങ്കെടുത്തതിനു പിന്നാലെ 57 അംഗ ഒ.ഐ.സി കശ്മീര്‍ വിഷയത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന രാജ്യങ്ങളെ അപലപിക്കുന്നതായിരുന്നു സുഷമയുടെ പ്രസംഗം.
ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
2016 ജൂലൈ 16 നുശേഷം കശ്മീരില്‍ ഇന്ത്യയുടെ സ്റ്റേറ്റ് ഭീകരതയാണ് തുടരുന്നതെന്ന് ചൂണ്ടിക്കാട്ടി ഒ.ഐ.സി രൂക്ഷ വിമര്‍ശമാണ് നടത്തിയിരുന്നത്. നിരപരാധികളായ കശ്മീരികള്‍ക്കുനേരെ തുടരുന്ന അതിക്രമങ്ങള്‍ അപലപിച്ച ഒ.ഐ.സി ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ തിരിച്ചയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ പ്രകീര്‍ത്തിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടിനെ പിന്തുണക്കുന്ന പ്രമേയമാണ് ഒ.ഐ.സി പാസാക്കിയിരിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഇന്ത്യന്‍ വിദേശമന്ത്രിയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശമന്ത്രി ഷാ മഹ്്മൂദ് ഖുറേഷി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.