Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചിയില്‍ കത്തിയ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് റിപ്പോര്‍ട്ട്

കൊച്ചി- എറണാകുളം നഗരത്തില്‍ ചെരുപ്പ് നിര്‍മാണ കമ്പനിയുടെ ഗോഡൗണ്‍ കത്തി നശിച്ചത് കെട്ടിടത്തില്‍ പാലിക്കേണ്ടിയിരുന്ന അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്്ച സംഭവിച്ചതിനാലെന്ന് അന്വേഷണം നടത്തിയ അഗ്‌നി സുരക്ഷാ വിഭാഗം. നിയമലംഘനം നടത്തിയെന്നും കെട്ടിടത്തില്‍ അനുമതി ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കലക്ടര്‍ക്കും അഗ്‌നി സുരക്ഷാ വിഭാഗം ഉന്നത നേതൃത്വത്തിനും അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തീപ്പിടിത്തത്തില്‍ കത്തി നശിച്ച കെട്ടിടം ഉപയോഗ ശൂന്യമാണെന്നും ഈ സാഹചര്യത്തില്‍ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും കെട്ടിടം മറ്റ് ജോലികള്‍ക്ക് ഉപയോഗിക്കാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇലക്ട്രിക് പാനല്‍ ബോര്‍ഡില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കെട്ടിടത്തിന് ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലാതിരുന്നത് തീപ്പിടിത്തത്തിന്റെ വ്യാപ്തിയും ആഘാതവും കൂടാനും കാരണമായി.
കൊച്ചി നഗരത്തിലെ നല്ലൊരു ശതമാനം കെട്ടിടങ്ങളും അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. 26 മുതല്‍ ഓരോ ഫയര്‍ സ്റ്റേഷനും തങ്ങളുടെ പരിധിയിലുള്ള റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, അപാര്‍ട്ടുമെന്റുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഫയര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കി വരികയാണ്.

പരിശോധന നടത്തിയ ബഹുഭൂരിപക്ഷം കെട്ടിടങ്ങളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തവയാണ്. പല സ്ഥലങ്ങളിലും അനധികൃതമായ നിര്‍മാണ പ്രവൃത്തികളും നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്ക് നടപടി കൈക്കൊള്ളുന്നതിന് അതാത് ഫയര്‍ ഓഫീസര്‍മാര്‍ക്ക് കൈമാറും. 2013ന് ശേഷം എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കിയിട്ടുണ്ടോ ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കുന്ന തരത്തില്‍ കെട്ടിടങ്ങള്‍ക്ക് ഇരുവശവും സ്ഥലം ഉണ്ടോ, അത്യാവശ്യ ഘട്ടത്തില്‍ തീ അണയ്ക്കാനുള്ള വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്നിവയാണ് ഓഡിറ്റിങ്ങില്‍ പരിശോധിക്കുന്ന പ്രധാന കാര്യങ്ങള്‍. എന്നാല്‍, ഇത്തരത്തില്‍ ചെയ്തിട്ടുള്ള കെട്ടിടങ്ങള്‍ തീരെക്കുറവാണ്. ഈ റിപ്പോര്‍ട്ടും കലക്ടര്‍ക്ക് കൈമാറും.

 

Latest News