ന്യൂദല്‍ഹി: പ്രധാനമന്ത്രിയാകാനുള്ള മത്സരയോട്ടത്തില്‍ താനില്ല. അത് തന്റെ സ്വപ്നത്തില്‍ പോലുമില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു പ്രമുഖ മാധ്യമം നടത്തിയ കോണ്‍ക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ ഇപ്പോള്‍ നരേന്ദ്ര മോഡിയുടെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണെന്ന് ഗഡ്കരി പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലും ആദര്‍ശത്തിലും രാജ്യം പുരോഗതിയിലേക്ക് പോകുകയാണ്. ഞങ്ങള്‍ എല്ലാവരും മോഡിക്ക് പിന്നില്‍ അണിനിരക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണം സാക്ഷാത്കരിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകന്‍ ആണ് താന്‍. മോഡിയാണ് പ്രധാനമന്ത്രി, അടുത്ത തവണയും അദ്ദേഹം തന്നെയായിരിക്കും ആ സ്ഥാനത്ത്, ഗഡ്കരി പറഞ്ഞു. രാജ്യം വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ തല്‍സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 2019ല്‍ വീണ്ടും ബിജെപി അധികാരത്തിലെത്തണമെങ്കില്‍ മോഡിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് ആര്‍എസ്എസ് നേതൃത്വത്തിന് കത്ത് അയച്ചിരുന്നു.