മദീന - മദീന ആരോഗ്യ വകുപ്പ് കഴിഞ്ഞ വർഷം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ 880 നിയമ ലംഘനങ്ങൾ കണ്ടെത്തി. 44 ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഈ സ്ഥാപനങ്ങൾക്ക് ആകെ 13,34,500 റിയാൽ പിഴ ചുമത്തി. പകർച്ചവ്യാധി നിയന്ത്രണ നിയമ, വ്യവസ്ഥകൾ പാലിക്കാതിരിക്കൽ, മെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമല്ലാത്ത രീതിയിൽ ഉപേക്ഷിക്കൽ, പ്രൊഫഷൻ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനു മുമ്പായി മെഡിക്കൽ, സാങ്കേതിക ജീവനക്കാരെ ജോലിക്കു വെക്കൽ, ചില വിഭാഗങ്ങൾക്ക് ലൈസൻസില്ലാതിരിക്കൽ, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകളുടെ വിൽപന എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. മദീനയിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം ആകെ 1,576 ഫീൽഡ് പരിശോധനകളാണ് ആരോഗ്യ വകുപ്പ് നടത്തിയത്.