റിയാദ് - ദേശവിരുദ്ധ പ്രവർത്തനം നടത്തിയ കേസിൽ ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും ദേശീയൈക്യവും തകർക്കുന്നതിന് ശ്രമിച്ച് ഏകോപനത്തോടെയും സംഘടിതമായും പ്രവർത്തിച്ചവരെ ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തായി കഴിഞ്ഞ വർഷം പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രങ്ങൾ തയാറാക്കി കഴിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരായ കേസ് വൈകാതെ പ്രത്യേക കോടതിക്ക് കൈമാറും. കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും നിയമം ഉറപ്പുനൽകുന്ന എല്ലാവിധ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
ദേശവിരുദ്ധ പ്രവർത്തനം നടത്തിയ കേസിലെ പ്രതികളെ ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തതായി കഴിഞ്ഞ മേയ് 17 ന് ആണ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ പരസ്യപ്പെടുത്തിയിരുന്നു. സൗദി അറേബ്യയോട് ശത്രുത വെച്ചുപുലർത്തുന്ന സംഘടനകളുമായും വ്യക്തികളുമായും ആശയ വിനിമയം നടത്തുകയും സഹകരിക്കുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തിയിരുന്നു. രാഷ്ട്രത്തിന്റെ ഉന്നത താൽപര്യങ്ങൾക്ക് കോട്ടം തട്ടിക്കുന്നതിന് ശ്രമിച്ച് സുപ്രധാന വിവരങ്ങളും രേഖകളും ചോർത്തുന്നതിന് തന്ത്രപ്രധാന സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തതായും വിദേശങ്ങളിലുള്ള ശത്രുക്കൾക്ക് സാമ്പത്തിക, ധാർമിക പിന്തുണകൾ നൽകിയതായും പ്രതികൾ സമ്മതിച്ചിരുന്നു. ആകെ 17 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കൂട്ടത്തിൽ എട്ടു പേരെ താൽക്കാലികമായി വിട്ടയച്ചു. അഞ്ചു സ്ത്രീകളെയും മൂന്നു പുരുഷന്മാരെയുമാണ് താൽക്കാലികമായി വിട്ടയച്ചത്. മതിയായ തെളിവുകളുള്ളതിനാലും കുറ്റസമ്മതം നടത്തിയതിനാലും അഞ്ചു പുരുഷന്മാരും നാലു വനിതകളും കസ്റ്റഡിയിൽ വെക്കുന്നത് തുടരുകയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. സാമൂഹികൈക്യം തകർക്കുന്നതിന് ശ്രമിക്കൽ, വിദേശ രാഷ്ട്രത്തോട് കൂറു കാണിക്കൽ, സൗദി അറേബ്യയിലെ ഐക്യത്തിനും സുരക്ഷാ ഭദ്രതക്കും ജനതക്കും കോട്ടംതട്ടിക്കുന്നതിനും ദുഷ്‌കീർത്തിയുണ്ടാക്കുന്നതിനും ലക്ഷ്യമിട്ട് വിദേശ രാഷ്ട്രവുമായി ബന്ധം സ്ഥാപിക്കൽ, ആശയവിനിമയം നടത്തൽ എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് രാജ്യത്തെ നിയമം അനുസരിച്ച് മൂന്നു വർഷം മുതൽ 20 വർഷം വരെ തടവു ശിക്ഷ ലഭിക്കും.
സൗദിയിൽ അറസ്റ്റിലുള്ള മുഴവൻ പേരോടും നിയമം അനുസരിച്ച് നല്ല രീതിയിലാണ് പെരുമാറുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അണ്ടർ സെക്രട്ടറി ശൽആൻ ബിൻ റാജിഹ് ബിൻ അൽശൽആൻ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും അടക്കം അറസ്റ്റിലുള്ള ഒരാളും പീഡനങ്ങൾക്ക് വിധേയരായിട്ടില്ല. അറസ്റ്റിലുള്ള ഒരു വനിത പീഡനങ്ങൾക്ക് ഇരയായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ റിപ്പോർട്ട് ശരിയല്ലെന്ന് വ്യക്തമായി. ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ മനുഷ്യാവകാശ സംഘടനയും ഈ കേസിൽ അന്വേഷണം നടത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയപ്പെടുന്നതു പോലെ വനിതാ തടവുകാരി പീഡനങ്ങൾക്ക് വിധേയയായിട്ടില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ മനുഷ്യാവകാശ സംഘടനയും നടത്തിയ അന്വേഷണങ്ങളിലും വ്യക്തമായി. അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്ത മുഴുവൻ പ്രതികൾക്കും നിയമം ഉറപ്പുവരുത്തുന്ന എല്ലാവിധ അവകാശങ്ങളും ലഭിക്കുന്നുണ്ട്. ബന്ധുക്കളുമായും മറ്റും ഫോണിൽ ബന്ധപ്പെടുന്നതിന് ഇവരെ അനുവദിക്കുന്നുണ്ട്. കൂടാതെ ഇവരെ ജയിലുകളിൽ സന്ദർശിക്കുന്നതിനും ബന്ധുക്കളെ അനുവദിക്കുന്നുണ്ട്.
സൗദി അറേബ്യയോട് ശത്രുത വെച്ചുപുലർത്തുന്ന വ്യക്തികളുമായും സംഘടനകളുമായും ആശയവിനിമയം നടത്തുകയും രഹസ്യ വിവരങ്ങളും രേഖകളും ചോർത്തുന്നതിന് പ്രധാന സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുകയും വിദേശത്തുള്ള ശത്രുക്കൾക്ക് സാമ്പത്തിക, ധാർമിക പിന്തുണകൾ നൽകുകയും ചെയ്തു എന്ന ആരോപണമാണ് വനിതാ പ്രതികൾ നേരിടുന്നത്. ഇവരുടെ കേസിൽ വൈകാതെ വിചാരണ ആരംഭിക്കുമെന്നും ശൽആൻ ബിൻ റാജിഹ് ബിൻ അൽശൽആൻ പറഞ്ഞു.