ലണ്ടന്‍: ടേക്ക് ഓഫിന് ഒരുങ്ങിയ എയര്‍ബസ് വിമാനം ഉഗ്ര ശബ്ദത്തോടെ സ്റ്റാന്‍സ്‌റ്റെഡ് എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ കുടുങ്ങി. ലോഡാമോഷന്‍ പാസഞ്ചര്‍ ജെറ്റാണ് വലിയ ശബ്ദത്തോടെ റണ്‍വേയില്‍ നിന്നുപോയത്. രാത്രി 8 മണിയോടെ വിയന്നയിലേക്ക് വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് എഞ്ചിന്‍ തകരാറിലായത്. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞിരുന്നെങ്കില്‍ വലിയൊരു ദുരന്തത്തിന് വിമാനത്താവളം സാക്ഷ്യം വഹിക്കുമായിരുന്നു. റണ്‍വേയില്‍ കുടുങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ എമര്‍ജന്‍സി സ്ലൈഡ് വഴിയാണ് പുറത്തെത്തിച്ചത്.
ടേക്ക് ഓഫിന് ഒരുങ്ങവേ എയര്‍ബസ് എ320 ജെറ്റ് വലിയ ശബ്ദത്തോടെ തെന്നിനില്‍ക്കുകയായിരുന്നു. ഇതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സ് റണ്‍വേ അടയ്ക്കുകയും ഡിപ്പാര്‍ച്ചറും, അറൈവലും നിര്‍ത്തിവെയ്ക്കുകയായിരുന്നു. 169 യാത്രക്കാരും, ആറ് ജീവനക്കാരുമാണ് ജെറ്റിലുണ്ടായിരുന്നത്. തിരക്കേറിയ വിമാനത്താവളത്തില്‍ ഇതോടെ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടു. ആയിരക്കണക്കിന് യാത്രക്കാരെ അപകടം ബാധിക്കുകയും ചെയ്തു. ഡസന്‍ കണക്കിന് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടു. മറ്റുള്ളവ സ്റ്റാന്‍സ്‌റ്റെഡ് റണ്‍വേ ക്ലിയര്‍ ചെയ്യുന്നത് വരെ വൈകിച്ചു.
റണ്‍വേയില്‍ വേഗത കൈവരിക്കാനായി മുന്നോട്ട് നീങ്ങവെയാണ് വിമാനത്തിന്റെ ഒരു ഭാഗത്ത് നിന്നും വലിയ ശബ്ദം കേട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതിന് പിന്നാലെ വിമാനം നിലച്ചു. എട്ട് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. പൈലറ്റ് ടേക്ക് ഓഫ് റദ്ദാക്കിയതിന്റെ കാരണം പരിശോധിക്കാന്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് വിദഗ്ധ സംഘത്തെ അയയ്ക്കുമെന്ന് അറിയിച്ചു. രാത്രി 10 മണിയോടെയാണ് വിമാനം റണ്‍വേയില്‍ നിന്നും നീക്കിയത്. റണ്‍വേ പൂര്‍ണ്ണമായി പരിശോധിച്ച ശേഷമാണ് വിമാനയാത്രകള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞത്.