Sorry, you need to enable JavaScript to visit this website.

വേദനകളും വേദം പറച്ചിലും

ഒരു ദിവസം പത്തിലധികം പരിപാടികളിൽ പങ്കെടുക്കേണ്ടിവന്നാൽ ഏതു മുഖ്യമന്ത്രിയും കുഴഞ്ഞുപോകും. ചൊവ്വാഴ്ച ഇരട്ടച്ചങ്കുള്ള നമ്മുടെ മുഖ്യനും അതുതന്നെ സംഭവിച്ചു. ഒരിടത്തു പോലും പ്രസംഗിച്ചില്ല. സംഘികളെ 'ബൗദ്ധിക'മായും സാംസ്‌കാരികമായും നേരിടുന്ന അടിയന്തര ഘട്ടമായതിനാൽ നിലവിളക്കു കൊളുത്തി ഉദ്ഘാടിക്കുന്ന കാര്യം മറന്നില്ല. സർവത്ര ഉദ്ഘാടനം. കാലാവധി പൂർത്തിയാക്കുമ്പോൾ, ഏതൊക്കെയാണ് ഇതിനകം ഉദ്ഘാടിച്ചതെന്ന് മുഖ്യനോ, പേഴ്‌സണൽ സ്റ്റാഫോ സെക്രട്ടറിയേറ്റിലെ വകുപ്പു ഭരണക്കാരോ ഓർമിക്കുകയാണെങ്കിൽ അതു തന്നെ മഹാഭാഗ്യം! 
തൊണ്ടവേദന നിമിത്തമാണ് പിണറായി പ്രസംഗിക്കാത്തത്. കണിച്ചുകുളങ്ങരയിൽ പോയി നാരങ്ങാനീര് കുടിച്ചതിനാലാണോ വേദന എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മൂന്നു വർഷം മുമ്പ് മലബാറിൽ വെള്ളാപ്പള്ളി ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ പാർട്ടി ജാഗരൂകരാകണമെന്നു പറഞ്ഞ മുഖ്യന് ആ വാക്കുകൾ വിഴുങ്ങേണ്ടി വന്നതിന്റെ തൊണ്ടവേദനയുമാകാം. ഏതായാലും തെരഞ്ഞെടുപ്പ് അടുക്കുന്തോറും 'വർഗീയ വിഷ ചികിത്സ' പല വൈദ്യശാലകളിൽനിന്നും സ്വീകരിക്കേണ്ടിവരും. 'പെരുന്ന' ഒരു പേരുകേട്ട ആയുർവേദ ചികിത്സാ കേന്ദ്രമാണ്. ഇനി അവിടേക്കു വെച്ചുപിടിക്കുമായിരിക്കാം. കൊച്ചിയിലെ ഇലക്ട്രിക് ബസ് പോലെ, വിഷ ചികിത്സയുടെ ആരംഭത്തിൽ ബാറ്ററി 'ഡൗൺ' ആയതാകാം. പിറ്റേ ദിവസം മുതൽ വണ്ടി ശരിയായി ഓടിത്തുടങ്ങിയല്ലോ!
ബാറ്ററി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പിലാത്ത മറ്റൊരു വാഹനം കേരള യാത്രയുടെ പേര് പറഞ്ഞ് നിരത്തിൽ കിടപ്പുണ്ട്. അതിലിരുന്നു കൈ വീശേണ്ട മുല്ലപ്പള്ളിക്ക് ചർച്ചയും പ്രസ്താവനയും ഒഴിഞ്ഞിട്ട് വാഹനമോടിക്കാൻ സമയമില്ല. സീറ്റു നിർണയമൊക്കെ മാർച്ച് 15 നകം പൂർത്തിയാക്കുമെന്നാണ് ഒടുവിലത്തെ ബുള്ളറ്റിൻ. യു.ഡി.എഫ് അത്യാസന്ന നിലയിലാണെന്ന സംശയം ജനിപ്പിക്കാനേ ഇടയ്ക്കിടെ ചെന്നിത്തല ഡോക്ടറും മുല്ലപ്പള്ളി വൈദ്യരും കൂടി പുറത്തിറക്കുന്ന ബുള്ളറ്റിനുകൾ ഉപകരിക്കൂ. ലീഗിനെയും ഇരുവശത്തേക്കുമായി പിളർന്നു നിൽക്കുന്ന കേരളാ കോൺഗ്രസിനെയും മെരുക്കാൻ വേണ്ടി മരുന്നുകളും മറ്റും ദില്ലിയിൽ നിന്നും കൊണ്ടുവരണം. 'ചാണ്ടി മുറുകുമ്പോൾ തൊമ്മൻ അയയുന്നു'വെന്നു പറഞ്ഞതു പോലെ അപ്പോഴേക്കും യൂത്ത് കോൺഗ്രസ് മുറുകും. ഡീൻ കുര്യാക്കോസിനു കോടതി വരാന്തയിൽ നിന്നും പുറത്തിറങ്ങാൻ നേരമില്ലാത്തതാണ് 'മുറുകാൻ' കഴിയാതെ പോകുന്നത്. 'മിന്നൽ ഹർത്താൽ' എന്ന പദത്തിന്റെ അർഥമറിയാത്തതിനാലാണ് പുലിവാല് പിടിച്ചത്. ഇനി പിടി വിട്ടുപോരാൻ ഏറെ സമയമെടുക്കും. മിന്നലിന്റെ അർഥം പഠിച്ചുവരുമ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും. അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്ക് യൂത്ത് പ്രായവും കഴിയും. കുറച്ചുകൂടി ധീരമായി ശബ്ദമുയർത്താൻ കഴിയും. ജയിലിനകത്ത് അല്ലെങ്കിൽ! ഇന്നാണെങ്കിൽ എല്ലാവരെയും പരിഗണിക്കുന്നതിന് 32 സീറ്റുകളെങ്കിലും വേണ്ടിവരും. അത് നടപ്പില്ല.

****                              ****                    ****

'വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് എന്തു കാര്യം'- എന്നൊരു ചൊല്ലുണ്ട്. ഗാന്ധിഗ്രാമിൽ പഠിച്ച്, പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും സിനിമയും പഠിച്ചു പുറത്തിറങ്ങിയ ദേഹമാണ് അടൂർ. തികഞ്ഞ ഗാന്ധിയൻ. അമ്മാവന്മാരിൽ ഒരാൾ വലതു കമ്യൂണിസ്റ്റുകാരനോ മറ്റോ ആയിരുന്നതിന്റെ ഓർമ പുതുക്കാൻ വേണ്ടി, സി.പി.ഐക്കാർ ക്ഷണിച്ചാലും സാംസ്‌കാരികമാണ് യോഗമെങ്കിൽ അദ്ദേഹം ചെന്ന് ഉദ്ഘാടനം ചെയ്തിട്ട് അടുത്ത വാഹനത്തിൽ വീടുപിടിക്കും. കൊന്നൊടുക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഈയിടെ ഒരു ആഹ്വാനം നടത്തി. 
കേപ്പീസിസി സംസ്‌കാരിക സാഹിതിയുടെ വാളല്ലെൻ സമരായുധം പരിപാടി അടൂർ ഉദ്ഘാടനം ചെയ്തു. കലാനിലയം സ്ഥിരം നാടക വേദിയിലെ അഭിനേതാക്കളെപ്പോലെ കുറച്ചു സ്ഥിരം ഖദർധാരികൾ പങ്കെടുത്ത ചടങ്ങ്. വേദിയുടെ മാത്രം ഫോട്ടോയാണ് പത്രത്തിൽ കണ്ടത്. കേൾക്കാൻ സദസ്സില്ലായിരുന്നുവെന്നു വ്യക്തം. പ്രസംഗിച്ചു ശീലിച്ചവർക്ക് അതു പ്രശ്‌നമല്ല. അടൂരിന് തീരെ പ്രശ്‌നമല്ല, സ്വന്തം ചിത്രങ്ങൾ ഓടുന്ന തിയേറ്ററുകളിൽ അത്തരം രംഗം കണ്ടു തഴക്കം വന്നതാണ്. കോൺഗ്രസിനും സദസ്സ് പ്രശ്‌നമല്ല. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഒരു ഫോട്ടോ ഉണ്ടാകണം. അത്ര തന്നെ. അടൂർ ഗോപാലകൃഷ്ണൻ രാഷ്ട്രീയ (ബ) ഫെല്ലോകൾക്കു മുന്നിൽ വേദമോതി. ആർക്കെന്തു നഷ്ടം!

****                            ****                            ****

കാസർകോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരുടെ വീട്ടിൽ പോകാത്തത് തിരക്കു കാരണമെന്ന് വനിതാ കമ്മീഷൻ ചെയർ വഹിക്കുന്ന ജോസഫൈൻ മാഡം പറഞ്ഞത് വ്യക്തമായില്ല. മരണ വീട്ടിലെ തിരക്കാണോ, അതോ കമ്മീഷൻ ആപ്പീസിലെ തിരക്കാണോ എന്ന്, ഏതു പാടത്ത് പണിയെടുക്കുന്ന തൊഴിലാളിക്കും മനസ്സിലാകുന്ന ഭാഷയിൽ പറയണം. അതാണ് രാഷ്ട്രീയ മിടുക്ക്. അതാണ് ഭാഷാ സ്‌നേഹം! വെട്ടുംകുത്തുമേറ്റ് തല കീറിപ്പിളർന്നു മരിച്ചത് വനിതകളൊന്നുമല്ല, തന്റെ പാർട്ടിക്കാരല്ല, സർവോപരി തന്റെ ആരുമല്ല.  പോകേണ്ട കാര്യമേയില്ല. അപ്പോൾ പിന്നെ പ്രസ്താവന വേണ്ടിയിരുന്നോ? അതിന്റെയും കാര്യമില്ലായിരുന്നു. സർവത്ര ജോലിത്തിരക്കിനിടയിൽ വെറുതെ പ്രസ്താവന നടത്തി സമയവും ആരോഗ്യവും കളഞ്ഞ് റവന്യൂ ചെലവ് വരുത്തി വെക്കേണ്ട കാര്യമില്ല. ചത്തവരുടെ അമ്മയ്ക്കും അച്ഛനുമില്ല. അത്ര തന്നെ. സെക്രട്ടറിയേറ്റിൽ കത്തയക്കുന്നതിന് സ്റ്റാമ്പ് വാങ്ങാൻ പോലും കാശില്ലാതെ സർക്കാർ വിഷമിക്കുന്ന കാലമാണ്. യാത്ര ഒഴിവാക്കി ആപ്പീസിലിരുന്നു സർക്കാരിനെയും വനിതകളെയും മാത്രം സേവിക്കുന്നതാണ് ബുദ്ധി!

****                          ****                            ****

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിർത്തിയിലെ വെടി ആർക്ക് അനുകൂലമാകുമമെന്ന് പാഴൂർ പടിക്കൽ ചെന്നാലും കൃത്യമായി അറിയാൻ കഴിഞ്ഞെന്നു വരില്ല. അത്രയ്ക്ക് ഉണ്ട് നമ്മുടെ നോട്ടു പിൻവലിക്കലും ജി.എസ്.ടിയും കൂടി വരുത്തിവെച്ച വിന. പണ്ട് കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഒരിക്കൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ചു മത്സരിച്ചു. ലോക്‌സഭാ സീറ്റിൽ എതിരാളി പാവം പാപ്പനംകോട്ടുകാരൻ ഈശ്വരയ്യർ സ്വാമി. റിസൾട്ടു വന്നപ്പോൾ പട്ടം പൊട്ടി! പട്ടർ ജയിച്ചു. പാരമ്പര്യവും സമര വീര്യവുമൊന്നും പട്ടത്തെ തുണച്ചില്ല. ഇപ്പോൾ ഓരോ സീറ്റിനും ഇണങ്ങുന്ന സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ മോഡിജിയും ഷാ ജിയും കൂടി 'കേരള പര്യടനത്തിന്' പലതവണകളായി പോവുകയാണ്. ചുരുക്കത്തിൽ നറുക്കെടുപ്പു വേണ്ടിവരും, മാധ്യമ സർവേകൾ വേണ്ടിവരും. ജീവിതത്തിലൊരിക്കലും ഇനി മത്സരിക്കില്ലെന്നു പറഞ്ഞു നടക്കുന്ന രാജേട്ടനെ പോലും വിളിച്ചുവരുത്തിയെന്നും വരാം. 'കുമ്മനത്തെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ' എന്ന മുദ്രവാക്യം പോലും ഗാനരൂപത്തിൽ അണികൾ പാടിത്തുടങ്ങി. പട്ടം താണുപിള്ളയുടെ അനുഭവം ഓർമയിലുള്ള കുമ്മനം പിടികൊടുക്കാതെ ജലത്തിലെ മത്സ്യമായി കഴിയുന്നു. കേന്ദ്ര മന്ത്രി നിർമലാ സീതാരാമന് തിരുവനന്തപുരം സീറ്റെന്നു പറയുമ്പോൾ, ആദ്യം ഭയന്നു വിറച്ചു നിൽക്കുന്നത് അവർ തന്നെയാണ്. ഇന്ത്യയുടെ ഭൂപടത്തിൽ ഒരു പൊട്ടുപോലെ കണ്ടിട്ടുള്ളതല്ലാതെ അവർക്കു സ്ഥലത്തെക്കുറിച്ച് ഒരു പിടിയുമില്ല. കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രം! ഫിലം അവാർഡിൽ, മികച്ച നടനുള്ള സ്ഥാനം ജയസൂര്യയും സൗബിനും പങ്കിട്ടതുപോലെ സീറ്റു പങ്കിടാൻ കഴിയില്ലല്ലോ! കേരളം അവർക്ക് ബാലികേറാ മലയാണെന്നു സമ്മതിക്കേണ്ടിവരുന്ന ലക്ഷണമാണ്.
 

Latest News