ന്യൂദല്‍ഹി- ഇന്ത്യാ-പാക് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് റദ്ദാക്കിയ ഇന്ത്യാ-പാക്കിസ്ഥാന്‍ സൗഹൃദ ട്രെയ്ന്‍ സര്‍വീസായ സംഝോത എക്‌സ്പ്രസ് ഞായറാഴ്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങും. സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും സമ്മതിച്ചതോടെയാണ് വീണ്ടും പച്ചക്കൊടി. ഞായറാഴ്ച ട്രെയ്ന്‍ ദല്‍ഹിയില്‍ നിന്ന് പുറപ്പെടുമെന്ന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയും ഞായറാഴ്ചയുമാണ് ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍. ദല്‍ഹിയില്‍ നിന്ന് പഞ്ചാബിലെ അതിര്‍ത്തി ഗ്രാമമായ അട്ടാരി വരേയും ഇന്ത്യയും ഇവിടെ നിന്ന് ലാഹോര്‍ വരെ പാക്കിസ്ഥാനുമാണ് സര്‍വീസ് നടത്തുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് പാക്കിസ്ഥാനില്‍ നിന്നുള്ള സര്‍വീസുകള്‍. മാര്‍ച്ച് നാലിന് ലാഹോറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസും പുനരാരംഭിക്കും.
ചൊവ്വാഴ്ച ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സംഝോത എക്‌സപ്രസ് സര്‍വീസ് റദ്ദാക്കിയത്.