ന്യുദല്‍ഹി- ദല്‍ഹിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകലുടെ വാതിലടച്ച് ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഏഴു സീറ്റുള്ള ദല്‍ഹിയില്‍ ആറിടത്താണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആം ആദ്മിയുമായി സഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസില്‍ ചര്‍ച്ച മുറുകുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂല നിലപാടാണെങ്കിലും ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പു മൂലമാണ് സഖ്യം നടക്കാതെ പോയത്. പലതവണ സഖ്യത്തിനു ശ്രമിച്ചിരുന്നതായി എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിഷി (ഈസ്റ്റ് ദല്‍ഹി). രാഘവ് ഛദ്ദ (സൗത്ത് ദല്‍ഹി), പങ്കജ് ഗുപ്ത (ചാന്ദ്‌നി ചൗക്ക്), ദിലീപ് പാണ്ഡെ (നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി), ഗുഗന്‍ സിങ് (നോര്‍ത്ത് വെസ്റ്റ് ദല്‍ഹി), ബ്രജേഷ് ഗോയല്‍ (ന്യൂദല്‍ഹി) എന്നീ ആറു സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഏഴാം മണ്ഡലമായ വെസ്റ്റ് ദല്‍ഹിയിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ച പുരോഗമിക്കുകയാണെന്നും പിന്നീട് പ്രഖ്യാപനമുണ്ടാകുമെന്നും എഎപി അറിയിച്ചു.
2014-ല്‍ ഏഴു സീറ്റിലും ബിജെപിയാണ് ജയിച്ചത്. അതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി വന്‍ മുന്നേറ്റം നടത്തുകയും 77 സീറ്റില്‍ 66-ഉം സ്വന്തമാക്കുകയും ചെയ്തിരുന്നു. ലോക്‌സഭയിലും ഇതു ആവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയുമായ ശീല ദീക്ഷിത് സഖ്യത്തിനില്ലെന്ന് നേരിട്ട് പറഞ്ഞിട്ടുണ്ട്. സഖ്യം സാധ്യമല്ലെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. സഖ്യത്തിന് ആം ആദ്മി താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും ഗോപാല്‍ റായ് പറഞ്ഞു.