ശ്രീനഗർ- കശ്മീർ ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ സ്വത്തുക്കൾ അധികൃതർ സീൽ ചെയ്തു. കഴിഞ്ഞദിവസം കശ്മീർ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് താഴ്‌വരയിലെ ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. ഇരുന്നൂറോളം ജമാഅത്ത് നേതാക്കളെയും പ്രവർത്തകരെയും ഇതോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീരിലെ പ്രശ്‌നം രൂക്ഷമാക്കുന്നതിലും അതിർത്തിക്കപ്പുറത്ത്‌നിന്നുള്ള തീവ്രവാദ സംഘങ്ങളെ സഹായിക്കുന്നതിനും ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്നാരോപിച്ചാണ് സംഘടനയെ കേന്ദ്രം നിരോധിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന കുറ്റം ചുമത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചത്. പുൽവാമയിൽ നാൽപതോളം വരുന്ന സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു നിരോധനം. അതേസമയം, ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച നടപടിയെ പി.ഡി.പിയും നാഷണൽ കോൺഫറൻസും വിമർശിച്ചു. ആർ.എസ്.എസിനെ പോലുള്ളവർ ഇന്ത്യയിൽ വിദ്വേഷമുണ്ടാക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ ഗുരുതരമാക്കുന്നത് അവരാണെന്നും പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചു.