പല്‍ഗഢ്- മഹാരാഷ്ട്രയിലെ പല്‍ഗഢ് ജില്ലയില്‍ 12 വയസ്സുകാരന്‍ അയല്‍ക്കാരിയായ പത്തു വയസ് മാത്രം പ്രായമായ ബാലികയെ നാലു മാസത്തോളം നിരന്തം പീഡിപ്പിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ബാലനെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പെണ്‍കുട്ടി വയറുവേദനയുണ്ടെന്ന് അറിയിച്ചപ്പോള്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. മാതാപിതാക്കള്‍ വിശദമായ ചോദ്യം ചെയ്തപ്പോള്‍ കുട്ടി ബാലന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമമായ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ആരംഭിച്ചതായും ശനിയാഴ്ച പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആണ്‍കുട്ടിക്കെതിരെ ജുവനൈല്‍ നിയമ പ്രകാരമാണ് നടപടികളുണ്ടാകുക. പോലീസ് അറസ്റ്റ് ചെയ്യുകയോ സാധാരണ ജയിലിലടക്കുകയോ ചെയ്യില്ല.