യുനൈറ്റഡ് നേഷന്‍സ്- അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ ലാദിന്റെ മകന്‍ ഹംസ ബിന്‍ലാദിനെ യു.എന്‍ രക്ഷാസമിതി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അല്‍ഖാഇദയുടെ നിലവിലെ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാകുമെന്ന് അമേരിക്ക കരുതുന്ന ഹംസ ബിന്‍ലാദിന് യാത്രാനിരോധം ഏര്‍പ്പെടുത്തുന്നതിനും ആസ്തി മരവിപ്പിക്കുന്നതിനും അധികാരം നല്‍കുന്നതാണ് യു.എന്‍ തീരുമാനം.
ഉസാമ ബിന്‍ലാദിന്റെ മകന്‍ ഹംസയുടെ സൗദി പൗരത്വം റദ്ദാക്കി
യു.എന്‍ രക്ഷാസമിതിയുടെ 1267 ഐ.എസ്, അല്‍ഖാഇദ കമ്മിറ്റിയാണ് 29 കാരനായ ഹംസാ ബിന്‍ലാദിനെ കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക് പത്ത് ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹംസാ ബിന്‍ലാദിന്‍ അല്‍ഖാഇദയുടെ ഔദ്യോഗിക അംഗമാണെന്ന് അയ്മന്‍ അല്‍ സവാഹിരി പ്രഖ്യാപിച്ചതായി രക്ഷാസമിതി പത്രക്കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു. ഹംസാ ബിന്‍ലാദിന്റെ സൗദി പൗരത്വം കഴിഞ്ഞ ദിവസം സൗദി അറേബ്യ റദ്ദാക്കിയിരുന്നു.
ഭീകരാക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിന് തെളിവുള്ള ഹംസാ ബിന്‍ലാദിനായിരിക്കും സവാഹിരിയുടെ പിന്‍ഗാമിയെന്ന് കരുതുന്നതായി 15 അംഗ രക്ഷാസമിതി വ്യക്തമാക്കി. യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരുടെ സാമ്പത്തിക ആസ്തികള്‍ എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ മരവിപ്പിക്കാന്‍ ബാധ്യസ്ഥമാണ്. പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ യാത്ര തടയാനും എല്ലാ രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണം.
അമേരിക്കക്കും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ഹംസ ബിന്‍ ലാദിന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. 2011 മേയില്‍ തന്റെ പിതാവ് ഉസാമ ബിന്‍ലാദിനെ കൊലപ്പെടുത്തിയ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഹംസ പ്രഖ്യാപിച്ചതായും യു.എസ് വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. 2017 ജനുവരിയില്‍ ഹംസ ബിന്‍ലാദിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.