മഹാരാഷ്ട്രയിൽ കഴിഞ്ഞ നാലര വർഷമായി പരസ്പരം ഏറ്റുമുട്ടിയ ബി.ജെ.പിയും ശിവസേനയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം ചേർന്നെങ്കിലും അടിത്തട്ടിൽ സംഘർഷം പുകയുന്നു. ഐക്യത്തിന്റെ ആവശ്യം പ്രവർത്തകരെ ബോധ്യപ്പെടുത്താനായില്ലെങ്കിൽ പല മണ്ഡലങ്ങളിലും വിമതശല്യം രൂക്ഷമാവാൻ സാധ്യതയുണ്ട്. എന്നാൽ സഖ്യം പ്രഖ്യാപിച്ച ശേഷവും ശിവസേനാ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞും കുത്തുവാക്കുകൾ എയ്തുവിടുകയാണ്.
മഹാരാഷ്ട്രയിലെ 48 സീറ്റിൽ ബി.ജെ.പി 25 ഇടത്തും ശിവസേന 23 ഇടത്തും മത്സരിക്കാനാണ് ധാരണ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു കക്ഷികളും തുല്യമായി സീറ്റ് പങ്കിട്ടെടുത്തു. പക്ഷെ അതൊന്നും പ്രവർത്തകരെ തണുപ്പിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മാവലിൽ നിന്നുള്ള ബി.ജെ.പി കോർപറേഷൻ അംഗങ്ങൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ധാരണയനുസരിച്ച് മണ്ഡലം ശിവസേനക്കാണ് നൽകിയിരിക്കുന്നത്. മാവലിലെ ശിവസേനാ എം.പി ശ്രീരംഗ് ബാർണെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിക്കാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കാത്ത വ്യക്തിയാണ്. ഇതിനെതിരെ പ്രവർത്തകർ നേരത്തെ കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിയെ കണ്ട് പരാതി ഉന്നയിച്ചിരുന്നു.
അമരാവതിയിൽ ശിവസേനയുടെ ആനന്ദ്‌റാവു അഡ്‌സുലിനെതിരെയും ബി.ജെ.പി രോഷം പുകയുന്നു. കഴിഞ്ഞ രണ്ടു തവണ ഇവിടെ നിന്ന് ജയിച്ച അഡ്‌സുൽ മണ്ഡലം തിരിഞ്ഞുനോക്കാറില്ലെന്നാണ് ബി.ജെ.പിയുടെ പരാതി. അമരാവതി ബി.ജെ.പിക്കു വേണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. അഡ്‌സുലിന്റെ മകൻ 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സഖ്യ രൂപീകരണത്തിന് മുമ്പ് ബി.ജെ.പി സ്ഥാനാർഥിയെ കണ്ടെത്തിയ മണ്ഡലമായിരുന്നു അമരാവതി. ബി.ജെ.പി നേതാവ് സാരംഗ് കാംതേക്കറുടെ ഭാര്യ സീമ സവാലെ പ്രചാരണവും ആരംഭിച്ചിരുന്നു. അമരാവതി വിദർഭ മേഖലയിലാണ്. വിദർഭക്ക് സംസ്ഥാന പദവി നൽകണമെന്ന കാര്യത്തിൽ ബി.ജെ.പിയും ശിവസേനയും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ട്. ബി.ജെ.പി സംസ്ഥാന പദവിക്കായി വാദിക്കുമ്പോൾ ശിവസേന ശക്തമായി എതിർക്കുന്നു.
ജൽനയിൽ മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷനും സിറ്റിംഗ് എം.പിയുമായ റാവുസാഹെബ് ദാൻവെക്കെതിരെ മത്സരിക്കുമെന്ന് ശിവസേനാ നേതാവ് അർജുൻ ഖോട്കർ പ്രഖ്യാപിച്ചു. ഖോട്കർ സംസ്ഥാന മന്ത്രി കൂടിയാണ്. ബി.ജെ.പിയുടെ അഹങ്കാരത്തിന് പ്രഹരമേൽപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സഖ്യമൊന്നും തനിക്ക് പ്രശ്‌നമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. മുംബൈ നോർത്ഈസ്റ്റിലെ ബി.ജെ.പി എം.പി കിരിത് സോമയ്യയെ 2016 ൽ ശിവസേന ആക്രമിച്ചിരുന്നു. അതിന്റെ പേരിൽ നിരവധി ശിവസൈനികർ അറസ്റ്റിലായി.
എൻ.സി.പിയുടെയും ശരദ് പവാറിന്റെയും തട്ടകമായ ബാരാമതി പിടിച്ചടക്കുമെന്ന വാശിയിലാണ് ബി.ജെ.പി. എന്നാൽ പ്രദേശത്തെ ശിവസേനാ പ്രവർത്തകർ ഈ ആവേശം പങ്കുവെക്കുന്നില്ല. പവാറിന്റെ മകൾ സുപ്രിയ സൂലെക്കാണ് ഇവിടെ ശിവസേനയുടെ പരോക്ഷ പിന്തുണ. താക്കറെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് സുപ്രിയ സൂലെ.
കോൺഗ്രസ് വിട്ട് മഹാരാഷ്ട്ര സ്വാഭിമാൻ പാർടി രൂപീകരിച്ച മുൻ ശിവസേനാ നേതാവ് നാരായൺ റാണെ കൊങ്കൺ മേഖലയിൽ ശിവസേനയെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എൻ.സി.പിയുമായി ധാരണയുണ്ടാക്കാനാണ് റാണെയുടെ ശ്രമം. അഹ്മദ് നഗറിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ശിവസേനക്കെതിരെ ബി.ജെ.പി-എൻ.സി.പി സഖ്യമാണ് മത്സരിച്ചത്.