മുസ്‌ലിം വിഷയങ്ങളിൽ പാർലമെന്റിലും പുറത്തും സിംഹഗർജനമായ അസദുദ്ദീൻ ഉവൈസിയെ തളക്കാൻ ഹൈദരാബാദിൽ കോൺഗ്രസ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീനെ ഇറക്കുന്നു. തെലങ്കാന കോൺഗ്രസ് സംസ്ഥാനത്തെ 17 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടിക തയാറാക്കി. ഹൈദരാബാദിൽ അസ്ഹറുദ്ദീനാണ് മുൻഗണന. തെലങ്കാന കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റാണ് അമ്പത്താറുകാരനായ അസ്ഹറുദ്ദീൻ.
2004 മുതൽ ഹൈദരാബാദിനെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത് അസദുദ്ദീൻ ഉവൈസിയാണ്. അസ്ഹറുദ്ദീൻ 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മുറാദാബാദിൽനിന്ന് ജയിച്ചിരുന്നു. വിജയപ്രതീക്ഷയില്ലാതിരുന്ന സീറ്റ് അസ്ഹർ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ 2014 ലെ മോഡി തരംഗത്തിൽ അടി തെറ്റി. രാജസ്ഥാനിലെ ടോങ്ക് മധോപൂർ മണ്ഡലത്തിലായിരുന്നു രണ്ടാം തവണ അസ്ഹർ ജനവിധി തേടിയത്. 2019 ൽ ഹൈദരാബാദിന്റെ ഇരട്ട നഗരമായ സെക്കന്തരാബാദിൽ നിന്ന് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് അസ്ഹർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹൈദരാബാദ് സ്വദേശിയാണ് അസ്ഹറുദ്ദീൻ. എന്നാൽ ബി.ജെ.പിക്കാരനായ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ ഇപ്പോൾ പ്രതിനിധീകരിക്കുന്ന സെക്കന്തരാബാദിലായിരുന്നു അസ്ഹറുദ്ദീന്റെ കണ്ണ്. കാരണം ഹൈദരാബാദ് അഖിലേന്ത്യാ മജ്‌സിലെ ഇത്തിഹാദുൽ മുസ്‌ലിമൂന്റെ (എ.ഐ.എം.ഐ.എം) ഉരുക്കുകോട്ടയാണ്. മൂന്നു തവണയായി അസദുദ്ദീൻ ഉവൈസി അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. അതിന് മുമ്പ് ആറു തവണ അസദുദ്ദീൻ ഉവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഉവൈസി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഹൈദരാബാദിൽ അവസാനം ജയിച്ചത് 1980 ലാണ്. 1984 ലെ ഇന്ദിരാഗാന്ധി സഹതാപ തരംഗത്തിനിടയിൽ സ്വതന്ത്രനായാണ് സലാഹുദ്ദീൻ ഉവൈസിയുടെ ആദ്യ വിജയം. 2014 ൽ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അസദ്ദുദ്ദീൻ ഉവൈസി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന് ആകെ കിട്ടിയത് അര ലക്ഷത്തിൽ താഴെ വോട്ടാണ്. ബി.ജെ.പിയുടെ ഭഗവാനന്ദ റാവു രണ്ടാം സ്ഥാനത്തെത്തി.
അസദുദ്ദീൻ ഉവൈസിക്ക് നേരത്തെ തന്നെ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിച്ച 16 മണ്ഡലങ്ങളിൽ ടി.ആർ.എസിനെ എ.ഐ.എം.ഐ.എം പിന്തുണക്കും. കഴിഞ്ഞ തവണ തെലങ്കാനയിലെ 17 സീറ്റിൽ പതിനൊന്നും ടി.ആർ.എസാണ് നേടിയത്. കോൺഗ്രസിന് രണ്ടിടത്തേ ജയിക്കാനായുള്ളൂ, നഗർകുർണൂലിലും നൽഗോണ്ടയിലും. ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും ഓരോ സീറ്റുകൾ ജയിച്ചു. മൂന്നു മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ടി.ഡി.പിയും തെലങ്കാന ജനസമിതിയും സി.പി.ഐയും ചേർന്നുള്ള ജനകീയ മുന്നണിയെ ടി.ആർ.എസ് തറപറ്റിച്ചു. 119 അംഗ നിയമസഭയിൽ കോൺഗ്രസിന് കിട്ടിയത് 19 സീറ്റ് മാത്രമാണ്. ടി.ഡി.പിക്ക് രണ്ടും. ടി.ആർ.എസ് 88 സീറ്റ് സ്വന്തമാക്കി. ലോക്‌സഭാ ഇലക്ഷനിൽ കോൺഗ്രസ് ഒറ്റക്ക് 17 സീറ്റിലും മത്സരിക്കാനാണ് തീരുമാനം. തങ്ങളെ പിന്തുണക്കണമെന്ന് അവർ മറ്റു പാർട്ടികളോട് ആവശ്യപ്പെടുന്നു. സി.പി.ഐയും സി.പി.എമ്മും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചതോടെ ജനകീയ മുന്നണിയിൽ പിളർപ്പ് ഏതാണ്ടുറപ്പായി. രണ്ട് സീറ്റെങ്കിലും തങ്ങൾക്ക് വേണമെന്ന് ടി.ജെ.എസ് ആവശ്യപ്പെടുന്നു. ടി.ഡി.പി നിലപാട് വ്യക്തമാക്കിയിട്ടില്ല. ആന്ധ്രയിൽ ടി.ഡി.പിയും കോൺഗ്രസും വെവ്വേറെയാണ് മത്സരിക്കുന്നത്.