കോഴിക്കോട്- ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ലീഗ്- കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച കോഴിക്കോട് നടന്നു. സീറ്റ് സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ച് നാലിന് നടക്കുന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനും ആറിന് നടക്കുന്ന ലീഗ് ഹൈപവര്‍ കമ്മിറ്റി യോഗത്തിനും ശേഷമേ ഇക്കാര്യത്തിലുള്ള ഔദ്യോഗികമായ പ്രതികരണം ഉണ്ടാവുകയുള്ളൂ.
ഇപ്രാവശത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് മൂന്നാമതൊരു സീറ്റ് ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഇരുകക്ഷികളും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലാണ് കെ.പി.സി.സിയുടെയും ലീഗ് ഹൈപവര്‍ കമ്മിറ്റിയുടെയും അംഗീകാരം ഇരുപാര്‍ട്ടികളും വാങ്ങുക. ഇതിന് ശേഷം യു.ഡി.എഫ് നേതൃത്വം ഔദ്യോഗികമായി ഇക്കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹന്നാന്‍, മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം.കെ. മുനീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരാണ് ഇന്നലെ വൈകിട്ട് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.