Sorry, you need to enable JavaScript to visit this website.

മൂരിക്കുട്ടന്റെ വില പോലും മനുഷ്യജീവന് ഇല്ലേ? ടി. പത്മനാഭനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍ - മൂരിക്കുട്ടനു വേണ്ടി പ്രതികരിച്ച കഥാകൃത്ത് രണ്ട് യുവാക്കളുടെ കൊലപാതകത്തില്‍ മൗനം പാലിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ ഫേസ് ബുക് പോസ്റ്റ് വൈറലായി. പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍, എഴുത്തുകാരി കെ.ആര്‍. മീര എന്നിവര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളുള്ളതാണ് പോസ്റ്റ്.
പെരിയയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ ചിതാഭസ്മവും വഹിച്ചുള്ള ധീര സ്മൃതി യാത്രയുടെ കണ്ണൂരിലെ ചടങ്ങില്‍ പങ്കടുക്കാനുള്ള ക്ഷണത്തിനുള്ള ടി. പത്മനാഭന്റെ മറുപടി പരാമര്‍ശിക്കുന്നതാണ് റിജിലിന്റെ പോസ്റ്റ്.
ഈ പരിപാടിയിലേക്കു ക്ഷണിക്കാനാണ് വിളിച്ചതെന്നു പറഞ്ഞപ്പോള്‍ വരാന്‍ പറ്റില്ലെന്നാണ് കഥാകൃത്ത് മറുപടി നല്‍കിയത്. സംഭവത്തില്‍ സാറിന്റെ പ്രതികരണം ഒന്നും കണ്ടില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ എന്താ പ്രതികരണ തൊഴിലാളിയാണോ എന്ന മറുപടിയാണ് നല്‍കിയത്. ഒരു മൂരിക്കുട്ടനു വേണ്ടി അങ്ങയുടെ വലിയ പ്രതികരണം ഉണ്ടായിരുന്നുവല്ലോ എന്നു മറുപടിയും നല്‍കി.    
ഒരു മൂരിക്കുട്ടനു നല്‍കുന്ന വില, രണ്ട് ചെറുപ്പക്കാരുടെ ജീവന് ഇല്ലേ. ഇതാണ് കേരളത്തിലെ പല സാംസ്കാരിക നായകരുടെയും പൊതു സ്വഭാവം. കൊന്നത് സി.പി.എം ആണെങ്കില്‍ ഇവരുടെ പേനയില്‍ മഷി ഉണ്ടാവില്ല. സി.പി.എമ്മിനെ കാണുമ്പോള്‍ നട്ടെല്ലിനു പകരം വാഴപിണ്ടിയുമായി നടക്കുന്നവര്‍. അഡ്വ. ജയശങ്കറിന്റെ ഭാഷയിലെ സാംസ്കാരിക നക്കികള്‍. ഇവരെ പോലുള്ളവരെയാണ് വി.ടി. ബല്‍റാം എം.എല്‍.എ വിമര്‍ശിച്ചത്. അതില്‍ ഒരു മീര മാര്‍ക്കും കുരു പൊട്ടിയിട്ട് കാര്യമില്ല എന്നാണ് റിജില്‍ മാക്കുറ്റിയുടെ പോസ്റ്റ്. ആയിരക്കണക്കിനു ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ കന്നുകാലിയെ കൊന്നതിനു സംഘപരിവാര്‍ ഒരാളെ അടിച്ചു കൊന്നപ്പോള്‍, ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കണ്ണൂരില്‍ മൂരിക്കുട്ടനെ പരസ്യമായി കശാപ്പ് ചെയ്തതിനെതിരെ ടി. പത്മനാഭന്‍ അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. ചിലര്‍ ഇതുമായി ബന്ധപ്പെട്ട് കവിതയും കഥയും രചിക്കുകയും ചെയ്തു. ഇതിനെയാണ് റിജില്‍ മൂരിക്കുട്ടന്‍ എന്ന പരാമര്‍ശം നടത്തിയത്.

 

 

Latest News