ന്യൂയോര്‍ക്ക്- ഓണ്‍ലൈന്‍ പന്തയത്തില്‍ പണം നല്‍കുന്നത് ഒഴിവാക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം അഭിനയിച്ച അമേരിക്കക്കാരന്‍ കുടുങ്ങി. ന്യൂയോര്‍ക്കിലെ ബഫലോക്ക് സമീപം സ്വന്തം ട്രക്കില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കാണപ്പെട്ട 60 കാരന്‍ റോബര്‍ട്ട് ബ്രാന്‍ഡലാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുമ്പ് സായുധരായ രണ്ട് പേര്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ക്ലീന്‍ ഷേവ് ചെയ്ത് ശാന്തനായി കാണപ്പെട്ടത് പോലീസില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഗ്രൂപ്പ് ബെറ്റില്‍ ഇയാള്‍ 50,000 ഡോളര്‍ നല്‍കാനുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി കുറ്റസമ്മതം നടത്തി.
പോലീസിനെ കബളിപ്പിച്ചതിനും തെറ്റായ പരാതി നല്‍കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. രണ്ടു പേര്‍ തന്നെ ആയുധം കാണിച്ച് തട്ടിക്കൊണ്ടുപോയെന്നും കൈയിലുണ്ടായിരുന്ന 16,000 ഡോളര്‍ കവര്‍ച്ച ചെയ്‌തെന്നുമായിരുന്നു ബ്രന്‍ഡെലിന്റെ പരാതി.