ധുലെ(മഹാരാഷ്ട്ര)- ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ രാജ്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തന്റെ പബ്ലിസിറ്റി പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. 'ഭീകരാക്രമണത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്നാണ് കോണ്‍ഗ്രസ് അണികള്‍ക്കു നല്‍കിയ നിര്‍ദേശം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാതെ നാം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ബിജെപിക്കു വേണ്ടിയുള്ള പ്രചാരണ പരിപാടികള്‍ ഒരു അഞ്ചു മിനുട്ട് നേരത്തേക്കു പോലും മാറ്റിവയ്ക്കാന്‍ കഴിയുന്നില്ല. ഇതാണ് താനും അദ്ദേഹവും തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ചെല്ലുന്നിടത്തെല്ലാം വിദ്വേഷവും വെറുപ്പും പരത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം മോഡി മാധ്യമങ്ങളോട് പറഞ്ഞത് ഇന്ത്യ ഒറ്റക്കെട്ടാണെന്നാണ്. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസിനെതിരെ തിരിയുകയാണ് ചെയ്തത്-രാഹുല്‍ ചൂണ്ടിക്കാട്ടി. പാവനമായ ചടങ്ങുകള്‍ പോലും മോഡി കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു. ദല്‍ഹിയില്‍ ഈയിടെ നടന്ന യുദ്ധ സ്മാരക ഉല്‍ഘാടന ചടങ്ങിലെ മോഡിയുടെ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.