Sorry, you need to enable JavaScript to visit this website.

അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി

അട്ടാരി​- മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ ഹീറോ വ്യോമ സേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച വൈകീട്ട് വാഗ അതിര്‍ത്തിയിലെത്തിച്ചെങ്കിലും കൈമാറുന്നത് പാക്കിസ്ഥാന്‍ വൈകിപ്പിച്ചു. രാത്രി 9.20-നാണ് പാക്കിസ്ഥാന്‍ അഭിനന്ദിനെ ഇന്ത്യയ്ക്കു കൈമാറിയത്. മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തിരിച്ചെത്തിയതില്‍ അഭിനന്ദന്‍ സന്തോഷം അറിയിച്ചെന്ന് സേന അറിയിച്ചു. ഇനി അദ്ദേഹത്തെ വിശദമായ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകുമെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ വ്യോമ സേനയുടെ അമേരിക്കന്‍ നിര്‍മ്മിത എഫ്-16 യുദ്ധവിമാനം തകര്‍ക്കുന്നതിനിടെയാണ് അഭിനന്ദര്‍ പറത്തിയിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട അഭിനന്ദന്‍ പാക് മണ്ണില്‍ പതിക്കുകയായിരുന്നു. വിമാനത്തില്‍ നിന്നു തെറിച്ചു വീണതിനാല്‍ അഭിനന്ദിന് വിശദമായ വൈദ്യ പരിശോധന തന്നെ ആവശ്യമുണ്ടെന്ന് വ്യോമ സേന അറിയിച്ചു.

രാജ്യമെങ്ങും ആഹ്ലാദം അലതല്ലവെയാണ് വാഗ-അട്ടാരി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ അധികൃതര്‍ അഭിനന്ദിനെ കൈമാറിയത്. വ്യോമസേനാ ഉദ്യോഗസ്ഥരും മതാപിതാക്കളും സന്നിഹിതരായിരുന്നു. അഭിനന്ദിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു. വന്‍ സുരക്ഷയേടെയാണ് അഭിനന്ദിനെ റോഡു മാർഗം ലാഹോറില്‍ നിന്ന് വാഗയില്‍ എത്തിച്ചത്. പ്രത്യേക വിമാനം അയക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ സമ്മതിച്ചിരുന്നില്ല.

Latest News