റിയാദ്- വിമാന യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയും യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന പുതിയ നിയമാവലി ഇന്നു മുതൽ പ്രാബല്യത്തിൽ വരും. വിമാന സർവീസിന് കാലതാമസം നേരിടുന്ന പക്ഷം ആദ്യ മണിക്കൂറിൽ യാത്രക്കാർക്ക് പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് കമ്പനികൾ ബാധ്യസ്ഥമാണ്. മൂന്നു മണിക്കൂറിലേറെ നേരം കാലതാമസം നേരിട്ടാൽ അനുയോജ്യമായ ഭക്ഷണം വിതരണം ചെയ്തിരിക്കണം. സർവീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന പക്ഷം ഹോട്ടൽ താമസം നൽകണം.
ഓവർ ബുക്കിംഗ് അടക്കമുള്ള കാരണങ്ങൾക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ഉയർന്ന ക്ലാസിൽ സീറ്റുകൾ ലഭ്യമാണെങ്കിൽ ആ സീറ്റുകൾ യാത്രക്കാർക്ക് അനുവദിക്കൽ നിർബന്ധമാണ്. അതേ സർവീസിൽ ബദൽ സീറ്റ് ലഭ്യമല്ലാത്ത പക്ഷം മറ്റൊരു സർവീസിൽ യാത്ര തെരഞ്ഞെടുക്കുന്നതിനും, ടിക്കറ്റ് പണം തിരികെ ഈടാക്കുന്നതിനും ടിക്കറ്റ് നിരക്കിന് തുല്യമായ തുക നഷ്ടപരിഹാരമായി ലഭിക്കുന്നതിനും യാത്രക്കാർക്ക് അവകാശമുണ്ട്. താഴ്ന്ന ക്ലാസിൽ സീറ്റുകൾ ലഭ്യമാണെങ്കിൽ യാത്രക്കാർക്ക് ആ സീറ്റുകൾ സ്വീകരിക്കുന്നതിനും അവകാശമുണ്ട്. ഇവർക്ക് ടിക്കറ്റ് നിരക്കിന്റെ 50 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം ലഭിക്കും. അതല്ലെങ്കിൽ ടിക്കറ്റ് നിരക്ക് പൂർണമായും തിരികെ ഈടാക്കുന്നതിനും അനുയോജ്യമായ നഷ്ടപരിഹാരത്തിനും യാത്രക്കാർക്ക് അവകാശമുണ്ടാകും.