ന്യൂദൽഹി- തീവ്രവാദികളാണെന്ന് കുറ്റപ്പെടുത്തി ജയിലിലടച്ച പതിനൊന്ന് പേരെ 25 വർഷത്തിന് ശേഷം നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചു. നാസിക് പ്രത്യേക ടാഡ കോടതി (ടാഡ) ജഡ്ജ് എസ്.സി ഖാതിയാണ് എല്ലാവരെയും വിട്ടയച്ചത്. ഇവർക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്നും, 'ഭുസാവൽ അൽ ജിഹാദ്' എന്ന തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നുമുള്ള കുറ്റങ്ങൾ ചാർത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
ജമീൽ അഹമ്മദ് അബ്ദുല്ല ഖാൻ, മുഹമ്മദ് യൂനിസ് മുഹമ്മദ് ഇസ്ഹാഖ്, ഫാറൂഖ് നാസിർ ഖാൻ, യുസഫ് ഗുലാബ് ഖാൻ, അയൂബ് ഇസ്മായിൽ ഖാൻ, വസീമുദ്ദീൻ ശംസുദ്ദീൻ, ഷൈഖ ഷാഫി ഷൈഖ് അസീസ്, അഷ്ഫാഖ് സെയ്ദ് മുർതസ മീർ, മുംതാസ് സെയ്ത് മുർതസ മീർ, ഹാറൂൺ മുഹമ്മ് ബഫാതി, മൗലാന അബ്ദുൽ ഖാദർ ഹബീബി എന്നിവരെയാണ് വിട്ടയച്ചത്.
1994 മെയ് 28നാണ് ഇവരെ സെക്ഷൻ 120 ബി, 153, തുടങ്ങിയ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തിരുന്നത്. ഒരു ഡോക്ടർ, ഇലക്ട്രിക് എൻജിനീയർ അടക്കമുള്ളവരാണ് അറസ്റ്റിലായിരുന്നത്. മഹാരാഷ്ട്രയിലെ ബുഷ്‌വാലിൽ പവർ പ്ലാന്റിന് ബോംബിടാൻ ആസൂത്രണം ചെയ്തുവെന്നായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം.
'ജാമിഅത്തുൽ ഉലമ' എന്ന സന്നദ്ധ അഭിഭാഷക സംഘമാണ് ഇവരുടെ മോചനത്തിന് വഴിതെളിയിച്ചത്. നീതി ലഭിക്കാൻ വൈകിയെങ്കിലും, ഈ പതിനൊന്ന് പേരുടെയും മേലുണ്ടായിരുന്ന തീവ്രവാദ പേര് മായ്ച്ചു കളയാനായതിൽ സന്തോഷമുള്ളതായി അഭിഭിഷക സംഘം പറഞ്ഞു.