ഇസ്ലാമാബാദ്: പാക്ക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന ആവശ്യമുന്നയിച്ച് ഇസ്ലാമാബാദ് ഹൈക്കോടതയില്‍ ഹര്‍ജി. കഴിഞ്ഞ ദിവസമാണ് വിങ് കമാന്‍ഡര്‍ അഭിനനന്ദനെ ഇന്ത്യക്ക് കൈമാറാന്‍ ത്യയാറെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചത്.
അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പാക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ നാല് പ്രകാരം അഭിനനന്ദനെ വിട്ടുനല്‍കാനാവില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം അഭിനന്ദനെ ക്രിമിനല്‍ നടപടിക്രമം, യുദ്ധക്കുറ്റം, തീവ്രവാദ കുറ്റം എന്നിവ ചുമത്തി ആര്‍മി ആക്ട് 1952 പ്രകാരം വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ന് ഉച്ചയോടെ ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും വാഗയിലുണ്ടാകും.
മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ ഖാന്‍ നടത്തിയത്.
റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന.