ന്യുദല്‍ഹി- പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സമ്മതിച്ചു. വീടുവിട്ടിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ രോഗബാധിതനാണെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്നിനു അനുവദിച്ച അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി ഇക്കാര്യം സമ്മതിച്ചത്. കോടതിയില്‍ നിലനില്‍പ്പുള്ള വ്യക്തമായ തെളിവുകള്‍ ഇന്ത്യ സമര്‍പിച്ചാല്‍ മസൂദിനെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമാണെന്നും ഖുറേഷി വ്യക്തമാക്കി. പാക്കിസ്താനിലെ കോടതികള്‍ക്ക് സ്വീകാര്യമായ ഉറച്ച തെളിവുകള്‍ ഉണ്ടെങ്കില്‍ പങ്കുവയ്ക്കുക. അതുപയോഗിച്ച് ജനങ്ങളേയും കോടതിയേയും ഞങ്ങള്‍ക്ക് വിശ്വസിപ്പിക്കാന്‍ കഴിയുമെന്നും ഖുറേഷി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നത് സമാധാന ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിസന്ധി ലഘൂകരിക്കാന്‍ പാക്കിസ്ഥാന്റെ സന്നദ്ധതയുടെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യയ്‌ക്കെതിരെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീകരനായ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎന്‍ കരിമ്പട്ടികയിള്‍ ഉള്‍പ്പെടുത്തണമെന്ന് 2008 മുതല്‍ ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്. മുംബൈ ഭീകരാക്രമണത്തിനു ശേഷവും ഏറ്റവുമൊടുവില്‍ പത്താന്‍കോട്ട് ആക്രമണത്തിനു ശേഷവുമാണ് ഈ ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചത്. പുല്‍വാമ ആക്രമണത്തിനു ശേഷം വീണ്ടും ആവശ്യപ്പെട്ടിട്ടുമുണ്ട്. ചൈനയുടെ എതിര്‍പ്പു മൂലം യുഎന്‍ രക്ഷാ സമിതിയുടെ തീരുമാനം നീണ്ടു പോകുകയാണ്.