ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പ്രഖ്യാപനം സമാധാന ശ്രമത്തിന്റെ അടയാളം എന്ന രീതിയില്‍ വിലയിരുത്തപ്പെട്ടെങ്കിലും വിജയം കണ്ടത് വിദേശ രാജ്യങ്ങളുടെ സമ്മര്‍ദ്ദമാണ്. ഇരു രാജ്യങ്ങളേയും ഒരു യുദ്ധത്തിന്റെ വക്കില്‍ നിന്നും പിടിച്ചു മാറ്റാന്‍ സമ്മര്‍ദ്ദങ്ങളുമായി സൗദി അറേബ്യയും യുഎഇയും യുഎസും പാക്കിസ്ഥാനു മേല്‍ വലിയ സമ്മര്‍ദം ചെലുത്തിയതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും നല്ല വാര്‍ത്ത കേള്‍ക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വ്യക്തമാക്കുന്നത് യുഎസ് ഈ വിഷയത്തില്‍ സുപ്രധാന പങ്കു വഹിച്ചുവെന്നാണ്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ദേശീയ സുരക്ഷാ ഉപദേശഷ്ടാവ് അജിത് ഡോവലുമായി അരമണിക്കൂറോളം ഫോണിലും സംസാരിച്ചിരുന്നു.
മറ്റൊരു സുപ്രധാന പങ്കു വഹിച്ചത് സൗദി അറേബ്യയാണ്. ഇന്ത്യയുമായി പാക്കിസ്ഥാനുമായും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയ സൗദി പരസ്യമായി തന്നെ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വെള്ളിയാഴ്ച പാക്കിസ്ഥാനിലെത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സുപ്രധാന സന്ദേശം പാക്കിസ്ഥാനും കൈമാറാനാണു മന്ത്രി നേരിട്ടെത്തുന്നത്. ഇന്ത്യയിലെ സൗദി നയതന്ത്ര പ്രതിനിധി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതും സൗദിയുടെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ്.
ഇന്ത്യയുടെ ഒരു സുപ്രധാന പങ്കാളിയായി മാറിയ യുഎഇയാണ് സമാധാനത്തിനായി ഇടപെട്ട മറ്റൊരു രാജ്യം. അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കഴിഞ്ഞ ദിവസം ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പ്രധാനമന്ത്രിമാരേ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു. പ്രതിസന്ധി ബുദ്ധിപരമായി കൈകാര്യം ചെയ്യാനും ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കാനുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അബുദബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായമയായ ഒ.ഐ.സി സമ്മേലനത്തില്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് സംബന്ധിക്കുന്നുണ്ട്. ഈ വേദിയിലേക്ക് മുസ്ലിം രാജ്യമല്ലാത്ത ഇന്ത്യയെ വിശിഷ്ടാതിഥിയായാണ് യുഎഇ ക്ഷണിച്ചത്.
യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളും ഇന്ത്യാ-പാക് പ്രതിസന്ധി വഷളാകാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. പാക്കിസ്ഥാനെ പിന്തുണക്കുന്ന ചൈനയും ഇതേ നിലപാടാണ് സ്വീകരിച്ചത്.