ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. നിയമവിരുദ്ധമായ സംഘാടനമെന്നു ചൂണ്ടിക്കാട്ടി യുഎപിഎ മൂന്നാം വകുപ്പു പ്രകാരമാണ് നടപടി. കഴിഞ്ഞയാഴ്ച കേന്ദ്ര ഏജന്‍സികള്‍ കശ്മീരിലെ നിരവധി ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകള്‍ റെയ്ഡ് നടത്തുകയും മുപ്പതോളം നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരില്‍ ജമ്മു കശ്മീര്‍ ജമാഅത്ത് അമീര്‍ അബ്ദുല്‍ ഹാമിദ് ഫയാസ്, വക്താവ് അഡ്വ. സാഹിദ് അലി, മുന്‍ സെക്രട്ടറി ജനറല്‍ ഗുലാം ഖാദിര്‍ ലോണ്‍, അനന്ദ്‌നാഗ് യൂണിറ്റ് മേധാവി അബ്ദുര്‍റഊഫ്, പഹല്‍ഗാം മേധാവി മുദസില്‍ അഹ്മദ് എന്നിവരും ഉള്‍പ്പെടും. നിരവധി ജമാഅത്ത് പ്രവര്‍ത്തകരേയും കശ്മീരിലെ വിവിധയിടങ്ങളില്‍ നിന്നായി പിടികൂടിയിട്ടുണ്ട്.
കശ്മീരില്‍ ദേശവിരുദ്ധ, പാക്കിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. അതേസമയം ഇത് ജമാഅത്ത് തള്ളിയിട്ടുണ്ട്. നേതാക്കളെ അറസ്റ്റ് ചെയ്തത് മേഖലയില്‍ അനിശ്ചിതാവസ്ഥയ്ക്ക് വഴിയൊരുക്കാനാണെന്നും അവര്‍ ആരോപിക്കുന്നു. നേരത്തെ ജമാഅത്ത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ സംഘടനയെ നിരോധിക്കാന്‍ സാധ്യതയുള്ളതായി റിപോര്‍ട്ടുണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധത്തിലാണെന്നും ജമ്മു കശ്മീരിലേയും മറ്റു പലയിടങ്ങളിലും ഭീകര, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ അതിര്‍ത്തിയുടെ ഒരു ഭാഗം മുറിക്കണമെന്ന വാദങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കുന്നുണ്ടെന്നും ഇതിനായി പ്രവര്‍ത്തിക്കുന്ന വിഘടനവാദികളേയും തീവ്രവാദികളേയും പിന്തുണയ്ക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
നിരോധിക്കാന്‍ കേന്ദ്രം പറയുന്ന കാരണങ്ങള്‍ ഇവയാണ്
ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചില്ലെങ്കില്‍ അവര്‍ ഇന്ത്യയെ വെട്ടിമുറിച്ച് ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ മുറിച്ചു മാറ്റണമെന്ന ആവശ്യം പ്രചരിപ്പിച്ചു കൊണ്ടിരിക്കും. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും അപകടപ്പെടുത്തുന്ന വിഘടനവാദ, ദേശവിരുദ്ധ വികാരങ്ങള്‍ പ്രചരിപ്പിക്കും, വിഘടനവാദ സമരങ്ങളെ ശക്തിപ്പെടുത്തുകയും സായുധ പോരാട്ടത്തിനിറങ്ങിയവരെ ആക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. ഈ നാലു പ്രധാന കാരണങ്ങളാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രദാനമായും ചൂണ്ടിക്കാട്ടിയത്. ജമാഅത്തിനെ കൂടി നിരോധിച്ചതോടെ യുഎപിഎ പ്രകാരം നിരോധിച്ച സംഘടനകളുടെ എണ്ണം 42 ആയി.