കോഴിക്കോട്- വനിതാ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് എന്‍.ജി.ഒകളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ എം.എസ് താര അറിയിച്ചു. വനിതാ കമ്മീഷന്റെ പ്രതിനിധിയെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥ പരാതികള്‍ കൈപ്പറ്റുന്നതായി വിവരം ലഭിച്ചതായും ഇത്തരത്തില്‍ മൂന്ന് സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കൃത്യമായ നടപടിയുണ്ടാകുമെന്നും അവര്‍ അറിയിച്ചു. സാമ്പത്തിക ഇടപാടുകള്‍ വരെ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. പരാതിക്കാരോ എതിര് കക്ഷികളോ ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും സിറ്റിംഗുകളില്‍ ഇവര്‍ ഹാജരാകുന്നതായും വിവരമുണ്ട്.
സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയെ ആശുപത്രിയില്‍ നിന്ന് വിളിച്ചിറക്കി ആള്‍പ്പെരുമാറ്റം കുറഞ്ഞ സ്ഥലത്തെത്തിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് കൃത്യവിലോപം കാട്ടുകയാണെന്ന് കമ്മീഷന് കുറ്റപ്പെടുത്തി. സി.ഐ മുതല്‍ എസ്.പി വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര് തയ്യാറാക്കിയതെന്നും യുവതി പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി കാണിച്ച് മൊഴിയില്‍ നിര്‍ബന്ധമായി ഒപ്പിടുവിച്ചെന്നും ഇത്തരം നടപടികള്‍ അനുവദിക്കാനാവില്ലെന്നും കമ്മീഷന് അംഗം പറഞ്ഞു. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും തീര്‍പ്പാകാത്ത കേസിലെ എതിര് കക്ഷി ബുധനാഴ്ചയും സിറ്റിംഗിന് എത്തിയില്ല. പരാതിക്കാരുടെ വീര്യം കെടുത്തുന്ന ഇത്തരം നടപടികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. പോലീസിന്റെ ഗുരുതര വീഴ്ച പരിശോധിക്കപ്പെടേണ്ടതാണെന്നും ഇത്തരം നടപടികള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കമ്മീഷന് അംഗങ്ങള്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 90 കേസുകള്‍ പരിഗണിച്ചതില്‍ 23 എണ്ണം തീര്‍പ്പാക്കി. മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനായി കൈമാറി. 46 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കമ്മീഷന് അംഗങ്ങളായ ഇ.എം രാധ, അഡ്വ എം.എസ് താര, എസ്.ഐ രമ എന്നിവര്‍ സിറ്റിംഗിന് നേതൃത്വം നല്കി.