ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംപിയും കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന. ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒന്നും മിണ്ടാന്‍ പ്രധാനമന്ത്രി തയാറാകാത്ത സാഹചര്യത്തിലാണ് ദിവ്യ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ വ്യോമാക്രമണം രാജ്യത്ത് മോഡി തരംഗം ഉണ്ടാക്കുമെന്ന കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ നിലപാടിനെയും ദിവ്യ വിമര്‍ശിച്ചു.
വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കുന്നതിനും അപ്പുറമാണ് യെദ്യൂരപ്പയുടെ അരോചകമായ പ്രസ്താവനയെന്ന് ദിവ്യ പറഞ്ഞു.
ഇന്ത്യയുടെ തിരിച്ചടി യുവാക്കള്‍ക്കിടയില്‍ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുമായിരുന്നു യെദ്യൂരപ്പയുടെ നിലപാട്.
'നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നുമല്ല ഞങ്ങള്‍ക്ക് അറിയേണ്ടത്. വിംഗ് കമാന്‍ഡറെ എപ്പോള്‍ സുരക്ഷിതമായി തിരികയെത്തിക്കുമെന്നാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്' ദിവ്യ ട്വീറ്റില്‍ കുറിച്ചു.
തിരിച്ചടിച്ച സൈന്യത്തെ അഭിനന്ദിച്ച മോഡി ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.