ഇസ്ലാമാബാദ്- പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റ്, വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പ്രഖ്യാപനത്തെ പാക് പാര്‍ലമെന്റ് ഒന്നടങ്കം അംഗീകരിച്ചു. അംഗങ്ങള്‍ ഡെസ്‌കിലടിച്ചാണ് പ്രധാനമന്ത്രിയുടെ സമാധാന ശ്രമത്തെ പിന്തുണച്ചത്. എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നില്ല. യുദ്ധം പരിഹാരമല്ലെന്ന തന്റെ വാദം ഇംറാന്‍ ഖാന്‍ ആവര്‍ത്തിച്ചു. ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്നും ഇംറാന്‍ ഖാന്‍ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ലൈനില്‍ കിട്ടിയില്ലെന്ന് ഇംറാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പറഞ്ഞു. ഇംറാന്റെ പ്രഖ്യാപനത്തെ പാക്കിസ്ഥാനിലെ പ്രമുഖര്‍ സ്വാഗതം ചെയ്തു. ട്വിറ്ററിലും ഇംറാന്റെ സമാധാന ശ്രമത്തെ വാനോളം പുകഴ്ത്തി നിരവധി ഇന്ത്യക്കാരും പാക്കിസ്ഥാനികളും രംഗത്തെത്തി. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇങ്ങനെ കടത്തിവെട്ടിയ ഒരു പാക് പ്രധാനമന്ത്രിയെ ഒരിക്കലും കണ്ടിട്ടില്ലെന്ന് എഴുത്തുകാരന്‍ കൃഷ്ണന്‍ പ്രതാപ് സിങ് ട്വീറ്റ് ചെയ്തു.