ഇസ്ലാമാബാദ്/ന്യൂദല്‍ഹി- ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ രൂക്ഷമായ സംഘര്‍ഷാവസ്ഥ പരിഹരിക്കപ്പെടുമെങ്കില്‍ തങ്ങളുടെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റിനെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. ഇന്ത്യന്‍ പൈലറ്റിനെ കൈമാറുന്ന കാര്യം പാക്കിസ്ഥാന്‍ പരിഗണിക്കുമ്പോഴും പൈലറ്റിനെ നയതന്ത്ര കേന്ദ്രവുമായി ബന്ധപ്പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. പാക് കസ്റ്റഡിയിലുള്ള വൈമാനികന്‍ വിംഗ് കമാഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ നിരുപാധികം ഉടന്‍ മോചിപ്പിക്കണമെന്നാണ് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിനിടെയാണ് ഇന്ത്യന്‍ പോര്‍വിമാനം വെടിവച്ചിട്ട പാക് സേന പൈലറ്റിനെ പിടികൂടിയത്. ഇത് ആദ്യം നിഷേധിച്ച ഇന്ത്യ പിന്നീട് സ്ഥിരീകരിച്ചു. ദല്‍ഹിയിലെ പാക്കിസ്ഥാന്റെ ആക്ടിംഗ് ഹൈക്കമ്മീഷണറെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.