തേഞ്ഞിപ്പലം- കോഴിക്കോട് സർവ്വകലാശാലയിൽ എം.എസ്.എഫ്-എസ്.എഫ്.ഐ സംഘർഷം. അക്രമത്തിൽ എട്ടുവിദ്യാർഥികൾക്ക് പരിക്കേറ്റു. സി.സോൺ കലോത്സവത്തെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന കാരണത്താൽ ചില കോളെജുകളിൽ വിദ്യാർഥികൾക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് വി.സിയെ കണ്ടിരുന്നു. ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. ഇന്ന് രാവിലെ വി.സിയെ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഉദ്ഘാടനത്തിന് ശേഷം വി.സിയെ പൂട്ടിയിട്ട മുറിയിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ എത്തുകയും സംഘർഷം ഉടലെടുക്കുകയും ചെയ്തു.
വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ നേരത്തെ എം.എസ്.എഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി-സോൺ കലോത്സവത്തിൽ 166 വിദ്യാർത്ഥികളെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കോടതിയെ സമീപിച്ചത്. മുഴുവൻ പ്രതിഭകൾക്കും മത്സരിക്കാൻ അവസരം ഉറപ്പുവരുത്തണമെന്നും അല്ലത്തപക്ഷം കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് എം.എസ്.എഫ് ആരോപണം.