ന്യൂദല്‍ഹി- ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വ്യാഴാഴ്ച യുഎഇയിലേക്കു തിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ അബുദബിയിലാണ് സമ്മേളനം. ഇതാദ്യമായാണ് ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായ വിദേശകാര്യ മന്ത്രിമാരുടെ കോണ്‍ക്ലേവിനാണ് മന്ത്രി സുഷമ പങ്കെടുക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചതില്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ച പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്ത്യാ-പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണിത്. സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ മാറ്റി നിര്‍ത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യം യുഎഇ അംഗീകരിച്ചിട്ടില്ല. എതിര്‍പ്പ് അറിയിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി യുഎഇ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സുഷമ സ്വരാജ് പങ്കെടുക്കുന്ന ഒ.ഐ.സി സമ്മേളനത്തില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഖുറേഷി പ്രസ്താവിച്ചിരുന്നു.
1969-ല്‍ സ്ഥാപിതമായ ഒ.ഐ.സിയുടെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ആദ്യമാണ് ഇന്ത്യയ്ക്കു ക്ഷണം ലഭിക്കുന്നത്. ഇത്തവണത്തെ സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചത് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ്. ആഗോള തലത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ പ്രാധാന്യവും വൈവിധ്യ സാംസ്‌കാരിക പൈതൃകവും പ്രധാനമായ ഒരു ഇസ്ലാമിക ബന്ധവും കണക്കിലെടുത്താണ് സൗഹൃദ റിപ്പബ്ലിക്കായ ഇന്ത്യയെ ക്ഷണിക്കുന്നതെന്നും യുഎഇ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ 185 മില്യണ്‍ മുസ്ലിംകള്‍ക്കും ബഹുസ്വരയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ക്കും ഇസ്ലാമിക ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കമുള്ള അംഗീകാരമാണ് ഈ ക്ഷണമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.