മനാമ- രാജ്യത്ത് എണ്ണയിതര വരുമാനം ഉയർത്തുന്നതിന് ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 വലിയ പങ്കു വഹിക്കുന്നതായി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്ററും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ പ്രസ്താവിച്ചു. സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ തന്നെ പൗരൻമാർക്ക് മികച്ച സേവനങ്ങളും അവസരങ്ങളും സൃഷ്ടിക്കും. രാജ്യത്തെ സാമ്പത്തിക രംഗം സുസ്ഥിരമാക്കുന്നതിന് സ്വകാര്യ മേഖലയിലേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കും.
വിവിധ റമദാൻ മജ്ലിസുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം അൽ മുസ്സലാം കുടുംബത്തിന്റെ മജ്ലിസും തുടർന്ന് മഹമൂദ് കുടുംബത്തിന്റെ മജ്ലിസും ഷൂറാ കൗൺസിൽ, പാർലമെന്ററി കാര്യ മന്ത്രി ഖനിം ബിൻ ഫാദിൽ അൽ ബുനൈന്റെ മജ്ലിസും കിരീടാവകാശി സന്ദർശിച്ചു. ശൈഖ് ഇസാ ബിൻ സൽമാൻ അൽ ഖലീഫയും കിരീടാവകാശിയെ അനുഗമിച്ചു.
പൗരൻമാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും രാജ്യത്തെ വേഗതയാർന്ന വികസന പദ്ധതികൾ നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സാമൂഹിക സുരക്ഷാ പദ്ധതിയുടെ ചട്ടക്കൂട് സമഗ്രമായിരിക്കും. ജനങ്ങളുടെ ഭാവിയെ കരുതിയുള്ള നിക്ഷേപങ്ങളാണ് ബഹ്റൈൻ ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി.