ശ്രീനഗര്‍- ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടിയിലെ നിയന്ത്രണ രേഖയിലൂടനീളം പാക്‌സൈന്യം തുടര്‍ച്ചയായ വെടിവയ്പ്പ് നടത്തി. പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ തുടങ്ങിയ വെടിവയ്പ്പ് വ്യാഴാഴ്ച രാവിലെ ആറു മുതല്‍ ഏഴു മണിവരെ നീണ്ടു. മോര്‍ട്ടാറുകളും മറ്റു ചെറു വെടിക്കോപ്പുകളും ഉപയോഗിച്ചാണ് പാക് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയെന്ന് സേനാ വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് റജൗരി, പൂഞ്ച്, സാംബ ജില്ലകളിലെ നിയന്ത്രണ രേഖയുടേയും രാജ്യാന്തര അതിര്‍ത്തിയുടേയും അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.
ബുധനാഴ്ച പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്കു പരിക്കേറ്റിരുന്നു. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലൂടനീളം വെടിവയ്പ്പ് ശക്തമാക്കിയത്. 2003-ലാണ് നിയന്ത്രണ രേഖയില്‍ വെടിവയ്പ്പ് അവസാനിപ്പിച്ചു കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ കരാറൊപ്പിട്ടത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇതു നിരന്തരം ലംഘിച്ചുവരികയാണ്. 2018-ല്‍ മാത്രം പാക്കിസ്ഥാന്‍ 2,936 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.