ന്യൂദല്‍ഹി- സൈനികരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യം ഇപ്പോള്‍ ഒറ്റശബ്ദത്തില്‍ സംംസാരിക്കണമെന്നും അനാരോഗ്യകരമായ പരാമര്‍ശങ്ങള്‍ പാക്കിസ്ഥാന്‍ അവരുടെ നേട്ടങ്ങള്‍ക്കായി ഉപയേഗിക്കമെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമയിലെ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം സത്യമായിരുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള തിരിച്ചടിയായിരുന്നു ബാലക്കോട്ടിലേത്. രാജ്യം മുഴുവന്‍ ഒറ്റ ശബ്ദത്തിലാണ് സംസാരിക്കുന്നത്. പിന്നെന്തിനാണ് പ്രതിപക്ഷം ഭീകരതക്കെതിരായ നീക്കത്തെ രാഷ്ട്രീയവത്കരിക്കുന്നത്?- അദ്ദേഹം ചോദിച്ചു.
സൈനികരുടെ ജീവത്യാഗത്തെ, ബിജെപി ലജ്ജയില്ലാതെ രാഷ്ട്രീയവല്‍ക്കരിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന്റെ തടവിലായ വിങ് കമാന്‍ഡറുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു.
21 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍, മുതിര്‍ന്ന നേതാക്കളെ ഒപ്പംനിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സംയുക്ത പ്രമേയം അവതരിപ്പിച്ചത്. രാജ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍വകക്ഷി യോഗം വിളിക്കാത്തതിനെ യോഗം വിമര്‍ശിച്ചിരുന്നു.