ന്യൂദൽഹി- തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും അത് നിറവേറ്റാതിരിക്കാനാവില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയുടെ പ്രതികരണം. രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പുൽവാമ ആക്രമണവും അതേത്തുടർന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന ക്രമത്തെ ബാധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ലവാസ ഇക്കാര്യം വ്യക്തമാക്കിയത്.
പുൽവാമ ആക്രമണം മുതലുള്ള സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപ്പാർട്ടികൾ, പോലിസ് ഉദ്യോഗസ്ഥർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, നോഡൽ ഏജൻസികളുടെ തലവൻമാർ, റെയിൽവേ, പോസ്റ്റൽ അധികാരികൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരസ്യങ്ങൾക്കും പെയ്ഡ് വാർത്തകൾക്കും കർശന നിയന്ത്രണമേർപ്പെടുത്താനും കമ്മീഷൻ ആലോചിക്കുന്നുണ്ടെന്നും അശോക് ലവാസ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ വേളകളിലാണ് പെയ്ഡ് വാർത്തകളുടെ എണ്ണം പെരുകുന്നത്. ഇതിനെതിരെ കമ്മീഷൻ നടപടിയെടുക്കും. വോട്ടെടുപ്പ് ദിവസം പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തുന്നത് കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.