എടക്കര- പോത്തുകല്‍ മുരിയില്‍ യുവതി തീെക്കാളുത്തി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കി. മുരേി പറമ്പന്‍ സുബൈദയുടെ മകള്‍ സഫീനയാണ് (21) കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ വീട്ടില്‍ പൊള്ളലേറ്റു മരിച്ചത്.
സഫീനയുടെ ഭര്‍ത്താവ് തമ്പുരാട്ടിക്കല്ല് ചെറുകര ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേര്‍ത്താണ് നിവേദനം നല്‍കിയിട്ടുള്ളത്. 2016 മാര്‍ച്ചിലാണ് സഫീനയും ഷാജഹാനും വിവാഹിതരായത്. വിവാഹ സമയത്ത് നല്‍കിയ 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പലപ്പോഴായി പ്രതികള്‍ ദുരുപയോഗം ചെയ്യുകയും തുടര്‍ന്നു കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
20 ന് രാത്രി ഭര്‍ത്താവ് ഷാജഹാനും ബന്ധുക്കളും ചേര്‍ന്നു സഫീനയുടെ വീട്ടിലെത്തി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. പിന്നീട് മടങ്ങിപ്പോയ ഇവര്‍ പുലര്‍ച്ചെ വീണ്ടുമെത്തിയിരുന്നു. ഇതിനു ശേഷമാണ് സഫീനയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ നിലയില്‍ കാണപ്പെട്ടത്. ഉടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പ്രതികളുടെ നിരന്തരമായുള്ള ശാരീരിക, മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതികള്‍ക്കെതിരെ തക്കതായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും സഫീനയുടെ അമ്മാവന്‍ പറമ്പന്‍ സുലൈമാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഷാജഹാന്‍, സഹോദരി ഭര്‍ത്താവ് പുലിക്കുന്നുമ്മല്‍ ഉസ്മാന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. സഫീനയുടെ വീട് പി.വി.അന്‍വര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. പി.ഷെഹീര്‍, മാട്ടുമ്മല്‍ സലീം, കബീര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.