Sorry, you need to enable JavaScript to visit this website.

പ്രതീക്ഷയോടൊപ്പം വെല്ലുവിളിയും; തിരുവനന്തപുരം പരീക്ഷണശാല 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലം പിടിക്കാൻ മൂന്ന് മുന്നണികളും അരയും തലയും മുറുക്കി രംഗത്ത്. സമുദായ സംഘടനകളേയും കുടുംബങ്ങളേയും സ്വാധീനിച്ച് ഒപ്പം നിർത്താൻ എല്ലാ പാർട്ടികളും ഒരുപോലെ ശ്രമിക്കുന്നു.
കോൺഗ്രസിനും സി.പി.ഐക്കും ബി.ജെ.പിക്കും ഒരുപോലെ പ്രതീക്ഷനൽകുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല സ്ത്രീപ്രവേശന വിഷയം തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ. നവോത്ഥാന നായകരുടെ പ്രവർത്തന മണ്ഡലം തിരുവനന്തപുരമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
13,34,665 വോട്ടർമാരാണ് ഈ മണ്ഡലത്തിലുള്ളത്. ഇവരിൽ 5,99,800 പുരുഷന്മാരും 6,59,599 സ്ത്രീകളുമാണ് വോട്ടർമാർ. സ്ത്രീവോട്ടർമാർക്ക് മുൻതൂക്കമുള്ള മണ്ഡലമാണിത്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലമെന്ന നിലയിൽ ഇരുമുന്നണികളും ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ തയറാവുന്നത്. ബി.ജെ.പിയും വലിയ പ്രതീക്ഷയിലാണ്. പടിപടിയായി തങ്ങളുടെ വോട്ട് വളർച്ചയിലൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 
ബി.ജെ.പിക്ക് 1869 ൽ 7.47 ശതമായിരുന്ന വോട്ടുകൾ 2014 ൽ 32.32 ശതമാനത്തിലെത്തി. 2014 ൽ കോൺഗ്രസിലെ ശശി തരൂർ 2,97,806 വോട്ട് നേടിയപ്പോൾ ബി.ജെ.പി.യിലെ ഒ.രാജഗോപാൽ 2,82,336 വോട്ട് കരസ്ഥമാക്കി. സി.പി.ഐയിലെ ബെന്നറ്റ് എബ്രഹാമിന് 2,48,941 വോട്ട് മാത്രമേ നേടാനായുള്ളൂ. ശശി തരൂരിന് 15,470 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇതാണ് ബി.ജെ.പിക്ക് ഇക്കുറി പ്രതീക്ഷ നൽകുന്നത്. 
കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് വ്യക്തിപരമായ മികവു കൂടി വോട്ട് നൽകുന്ന പാരമ്പര്യമുള്ള മണ്ഡലമാണിത്. പ്രതിരോധ മന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോനെയും മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെയും പി.കെ.വാസുദേവൻ നായരെയും വിജയിപ്പിച്ച മണ്ഡലം. ബി.ജെ.പിയിലെ ഒ.രാജഗോപാലിനും ഇതിന്റെ ഗുണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂരാണ് വിജയം വരിച്ചതെങ്കിലും ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാല് മണ്ഡലങ്ങളിൽ രാജഗോപാൽ ഭൂരിപക്ഷം നേടിയിരുന്നു. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലാണ് രാജഗോപാൽ ഭൂരിപക്ഷം നേടിയത്. പാറശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളാണ് ശശി തരൂരിനെ പിന്തുണച്ചത്. ബെന്നറ്റ് എബ്രഹാമിന് ഒരു മണ്ഡലത്തിൽ പോലും ഭൂരിപക്ഷം നേടാനായില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കഴക്കൂട്ടം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ വിജയിച്ചു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നില്ല നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. നേമം മണ്ഡലം മാത്രമേ അവർക്കൊപ്പം നിന്നുള്ളൂ. കേരള ചരിത്രത്തിൽ ആദ്യമായി താമര വിരിഞ്ഞത് നേമത്താണെന്നതും കാണാതിരിക്കാനാവില്ല. എങ്കിലും മറ്റ് മണ്ഡലങ്ങളിലെല്ലാം അവർ പിന്നിലേക്ക് പോയി.കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും ഒന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് മാറി. തിരുവനന്തപുരം മണ്ഡത്തിൽ മൂന്നാം സ്ഥാനത്ത് ആയി.  യു.ഡി.എഫിനെ ലോക്‌സഭയിൽ പിന്തുണച്ച മൂന്ന് മണ്ഡലങ്ങളിൽ ഒന്ന് മാത്രം നിയമസഭാതെരഞ്ഞെടുപ്പിൽ അവർക്കൊപ്പം നിന്നുള്ളൂ. 
സ്ഥാനാർഥിയുടെ വ്യക്തിത്വത്തിന് വോട്ട് നൽകുന്ന വോട്ടർമാർ ഏറെയുള്ള മണ്ഡലമെന്നനിലയിൽ മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ മൂന്ന് മുന്നണികളും ശ്രമിക്കുന്നു. നിലവിലെ എം.പി  ശശി തരൂർ തന്നെയാവും കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പാണ്. 2014 നെ അപേക്ഷിച്ച് ശശി തരൂരിന്റെ നില കൂടുതൽ മെച്ചമാണ്. ശശി തരൂരിന്റെ ഭാര്യ സുനന്ദാപുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ല. എഴുത്തുകാരനെന്ന നിലയിലും ആഗോള പ്രശസ്തനെന്ന നിലയിലും ശശി തരൂരിനുള്ള പ്രതിഛായ മറ്റ് രാഷ്ട്രീയ കക്ഷികളെ അങ്കലാപ്പിലാക്കുന്നുണ്ടുതാനും. അതുകൊണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ, ദേശീയ നേതാവ് ആനി രാജയോ, മുൻ എം.പി പന്ന്യൻ രവീന്ദ്രനോ തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങണമെന്നാണ് സി.പി.ഐയുടെ ആലോചന. സംസ്ഥാന ഭരണം കൂടിയുള്ളതിനാൽ മത്സര രംഗത്ത് ശക്തി തെളിയിക്കാനുള്ള സാധ്യതയും അവർക്ക് കൂടുതലുണ്ട്. 
ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കേരളത്തിൽ വലിയ ശ്രദ്ധ നൽകുന്ന മണ്ഡലമാണ് തിരുവനന്തപുരം. പ്രതിരോധ മന്ത്രി നിർമല സീതാരാമനെയോ കുമ്മനം രാജശേഖരനെയോ സുരേഷ് ഗോപി എം.പിയെയോ മത്സരിപ്പിക്കാനാണ് ബി.ജെ.പി നോക്കുക. നടൻ മോഹൻലാൽ തന്റെ തട്ടകം സിനിമയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി അദ്ദേഹം മത്സരരംഗത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. 

Latest News