Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞാൽ മോഡി വരണമെന്നില്ല

ബി.ജെ.പിയും ശിവസേനയും മഹാരാഷ്ട്രയിൽ സഖ്യം പ്രഖ്യാപിച്ചെങ്കിലും നാലു വർഷത്തെ വിദ്വേഷം സൃഷ്ടിച്ച മുറിപ്പാടുകൾ പ്രകടമാണ്. ബി.ജെ.പിയോടും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുമുള്ള വിരോധം ശിവസേന മറച്ചു വെക്കുന്നില്ല. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ഒരു പ്രമുഖ ഇന്ത്യൻ പത്രത്തിന് നൽകിയ അഭിമുഖം ബി.ജെ.പിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്...

ചോ: ശിവസേനയാണ് വല്യേട്ടൻ എന്നാണ് എപ്പോഴും നിങ്ങൾ പറയുന്നത്. എന്നിട്ടും ബി.ജെ.പിയും ശിവസേനയും തുല്യ സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനിച്ചത്. ഇത് ഒത്തുതീർപ്പല്ലേ?
ഉ: മഹാരാഷ്ട്രയിൽ ഞങ്ങൾ തന്നെയാണ് വല്യേട്ടൻ. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 123 സീറ്റും ശിവസേന 63 സീറ്റുമാണ് നേടിയത്. എന്നിട്ടും ബി.ജെ.പി തുല്യമായി സീറ്റ് പങ്ക് വെക്കാൻ സമ്മതിച്ചു. ഞങ്ങൾ ആവശ്യപ്പെട്ട സീറ്റുകളെല്ലാം തന്നു. മാത്രമല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചാൽ മുഖ്യമന്ത്രി പദം ശിവസേനക്ക് തരാമെന്ന കാര്യത്തിലും അവർക്ക് തുറന്ന മനസ്സാണ്. 

ചോ: നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം വിജയിക്കുകയാണെങ്കിൽ അഞ്ചു വർഷവും സേനാ മുഖ്യമന്ത്രി തന്നെ ആയിരിക്കുമോ?
ഉ: അക്കാര്യം ആലോചിക്കണം. പക്ഷേ ശിവസേനാ മുഖ്യമന്ത്രി ഉണ്ടായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. 

ചോ: ഒറ്റക്ക് മത്സരിക്കുമെന്നായിരുന്നു ഇതുവരെ ശിവസേന പറഞ്ഞുകൊണ്ടിരുന്നത്. സഖ്യം രൂപീകരിക്കേണ്ടി വന്നത് നാണക്കേടല്ലേ?
ഉ: ഒറ്റക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് ശരി തന്നെ. അതാണ് പൊതുവികാരവും. എന്നാൽ  രാഷ്ട്രീയത്തിൽ അപ്പപ്പോഴത്തെ സാഹചര്യങ്ങൾ പഠിച്ച് ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരും. അത് മനസ്സ് കൊണ്ട് സ്വീകരിച്ചെടുക്കുന്നതല്ല, രാഷ്ട്രീയ തന്ത്രമെന്ന നിലയിൽ സ്വീകരിക്കുന്നതാണ്. അക്കാര്യം ജനങ്ങളോട് വിശദീകരിക്കും. ശിവസേന ഒറ്റക്ക് പൊരുതണമെന്ന് ആഗ്രഹിച്ച ശിവസൈനികരെയും ജനങ്ങളെയും ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതൊരു വെല്ലുവിളിയാണ്. 

ചോ:  കഴിഞ്ഞ നാലു വർഷമായി ശിവസേന വാദിച്ചിരുന്നത് ബി.ജെ.പി തങ്ങളുടെ സഖ്യകക്ഷികളെ മോശമായാണ് കൈകാര്യം ചെയ്തത് എന്നാണ്. ഇപ്പോൾ എന്തു മാറ്റമാണ് സംഭവിച്ചത്?
ഉ: സ്വഭാവം നന്നാക്കാൻ അവർക്ക് ഒരവസരം കൂടി നൽകിയതാണ്. 

ചോ:  സംസ്ഥാനത്ത് ശിവസേനയുടെ സ്ഥാനം ബി.ജെ.പി കവർന്നെടുക്കുകയല്ലേ?
ഉ: ഞങ്ങളുടെ സ്ഥാനം സ്വന്തമാക്കാൻ ബി.ജെ.പിക്ക് ഒരിക്കലും സാധിക്കില്ല. ഇപ്പോഴത്തെ ബി.ജെ.പി പഴയ ബി.ജെ.പിയല്ല. പകുതിയും കോൺഗ്രസിൽ നിന്നും എൻ.സി.പിയിൽ നിന്നും സ്വീകരിച്ച അഴിമതിക്കാരാണ്. അവരെ ഒപ്പം കൊണ്ടു നടക്കുന്നു എന്നതിനർഥം അവർക്ക് ഞങ്ങളുടെ ഇടം സ്വന്തമാക്കാനാവും എന്നല്ല. നിങ്ങൾക്ക് സേനയുടെ ഇടം പിടിച്ചെടുക്കാനായേക്കും, എങ്ങനെയാണ് സേനയുടെ ശൗര്യം സ്വന്തമാക്കാനാവുക?

ചോ: മഹാരാഷ്ട്രക്കു പുറത്ത് ശിവസേന മത്സരിക്കുമോ?
ഉ: എന്തുകൊണ്ട് ഇല്ല? പല സംസ്ഥാനങ്ങളിലും പാർട്ടിക്ക് ശക്തിയുണ്ട്. ഉത്തർപ്രദേശിലും ബിഹാറിലും ജമ്മുവിലുമൊക്കെ മത്സരിക്കും. 

ചോ: നരേന്ദ്ര മോഡിയാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. നിരവധി വിഷയങ്ങളിൽ അദ്ദേഹത്തെ സേന ആക്രമിച്ചിട്ടുണ്ട്. എങ്ങനെയാണ് ഒത്തുപോവുക?
ഉ: സേന എന്നും യാഥാർഥ്യമാണ് പറഞ്ഞത്. ഭൂമി ഏറ്റെടുക്കലിനെ ഞങ്ങൾ എതിർത്തിട്ടുണ്ട്. കർഷകരുടെ വിളനിലങ്ങളിൽ വ്യവസായങ്ങളും സ്മാർട് സിറ്റികളും പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. കർഷകരെ ബാധിക്കുന്ന ബുള്ളറ്റ് 
ട്രെയിൻ പദ്ധതിയെ എതിർത്തിട്ടുണ്ട്. തൊഴിലില്ലായ്മക്കു കാരണമായ നോട്ട് നിരോധത്തെ എതിർത്തു. രാമക്ഷേത്ര നിർമാണം ഞങ്ങളുടെ ബാധ്യതയാണ്, അക്കാര്യവും ചോദ്യം ചെയ്തിട്ടുണ്ട്. നയങ്ങളിലാണ് ഞങ്ങൾക്ക് എതിർപ്പ്...
മോഡിയുടെ നേതൃത്വത്തെക്കുറിച്ച് പറയണമെങ്കിൽ, മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയാണ് നേതാവ്. ബിഹാറിൽ എൻ.ഡി.എയുടെ മുഖം നിതിഷ് കുമാറാണ്. പഞ്ചാബിൽ പ്രകാശ് സിംഗ് ബാദലും...

ചോ: തൂക്കു പാർലമെന്റ് വരാൻ നിതിൻ ഗഡ്കരി കാത്തിരിക്കുകയാണെന്ന് താങ്കൾ സാംനയിൽ എഴുതി. അത്തരമൊരു സാഹചര്യം വരികയാണെങ്കിൽ ഗഡ്കരി പ്രധാനമന്ത്രിയാവുമെന്നാണോ?
ഉ: ഗഡ്കരി പ്രധാനമന്ത്രിയാവണമെന്ന് ഞാൻ വാദിച്ചിട്ടില്ല. അത് ആർ.എസ്.എസും മാധ്യമങ്ങളും പറയുന്നതാണ്. ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന നിർദേശവും ബി.ജെ.പിക്കു മുന്നിൽ വെച്ചിട്ടില്ല. ബി.ജെ.പിയിൽ നിരവധി നേതാക്കളുണ്ട്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് നൂറ് സീറ്റെങ്കിലും ബി.ജെ.പിക്ക് നഷ്ടപ്പെട്ടാൽ പ്രധാനമന്ത്രി ആരാവണമെന്ന് തീരുമാനിക്കുക എൻ.ഡി.എ ആയിരിക്കും. 

ചോ: പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഉത്തർപ്രദേശിൽ കോൺഗ്രസിന് ഗുണം ചെയ്യുമോ?
ഉ: തീർച്ചയായും ഗുണം ചെയ്യും. എസ്.പിക്കും ബി.എസ്.പിക്കും സംസ്ഥാനത്ത് നല്ല അടിത്തറയുണ്ട്. എന്നാൽ കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും സ്‌നേഹിക്കുന്ന ഒരു വിഭാഗം ഇപ്പോഴും അവിടെയുണ്ട്. യു.പിയിലെ 10-15 സീറ്റുകളിൽ അവരുടെ രാഷ്ട്രീയപ്രവേശം കോൺഗ്രസിന് ഗുണം ചെയ്യും. 

 

Latest News