ജിദ്ദ - നിയമം ലംഘിച്ച് തെരുവോരങ്ങളിൽ ഒട്ടകപ്പാൽ വിൽപന നടത്തിയ 250 പേരെ ഏഴു മാസത്തിനിടെ ജിദ്ദയിൽ നിന്ന് പിടികൂടിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ഒട്ടകപ്പാൽ വിൽപന കേന്ദ്രങ്ങളിൽ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക സംഘങ്ങൾ നിരവധി തവണ ഫീൽഡ് പരിശോധനകൾ നടത്തിയതായി മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ സഈദ് ജാറല്ല അൽഗാംദി പറഞ്ഞു. ഏറ്റവും ഒടുവിൽ അൽസ്വവാഇദ് ഡിസ്ട്രിക്ടിലെ അബ്റുഖുരിഗാമ റോഡിലാണ് പരിശോധന നടത്തിയത്.
റെയ്ഡിനിടെ അറബ് വംശജരായ എട്ടു പേർ പിടിയിലായി. ഇടയൻ, ഹൗസ് ഡ്രൈവർ പ്രൊഫഷനുകളിലുള്ളവരാണ് റെയ്ഡിനിടെ പിടിയിലായത്. പാൽ വിൽപനക്ക് ഇവർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഒട്ടകപ്പാൽ വിൽപന കേന്ദ്രങ്ങൾ പൊളിച്ചുനീക്കി ഇവിടെ കീടനാശിനികൾ തളിച്ചു.
രോഗമുക്തമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ഒട്ടകങ്ങളുടെ രക്ത, പാൽ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഭാവിയിൽ തെരുവോരത്ത് ഒട്ടകപ്പാൽ വിൽപന നടത്തില്ല എന്നതിന് ഒട്ടകങ്ങളുടെ ഉടമകളിൽനിന്ന് രേഖാമൂലം ഉറപ്പ് വാങ്ങി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, പോലീസ്, നഗരസഭ, വാണിജ്യ, നിക്ഷേപ മന്ത്രാലയം, പോലീസ്, അബ്റുഖുരിഗാമ ബലദിയ, നഗരസഭക്കു കീഴിലെ കശാപ്പുശാലാ വിഭാഗം, ശുചീകരണ വിഭാഗം, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് പ്രിവൻഷൻ എന്നിവയുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റിയാണ് ജിദ്ദയിൽ തെരുവോരത്ത് ഒട്ടകപ്പാൽ വിൽപന തടയുന്നതിന് പ്രവർത്തിക്കുന്നതെന്നും എൻജിനീയർ സഈദ് ജാറല്ല അൽഗാംദി പറഞ്ഞു.