Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് സര്‍വകലാശാലകളില്‍  ലൈംഗിക ചൂഷണം വ്യാപകം 

ലണ്ടന്‍: യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ അത്ര സുരക്ഷിതരല്ലെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ലൈംഗിക ചൂഷണം, പീഡനം, മോശം പെരുമാറ്റം എന്നിവ നേരിടേണ്ടിവരുന്നുണ്ടെന്നു സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേര്‍ വെളിപ്പെടുത്തി. അനാവശ്യവും ആഗ്രഹിക്കാത്തതുമായ അശ്ലീല പെരുമാറ്റം പെണ്‍കുട്ടികള്‍ സഹപാഠികളില്‍ നിന്നും മറ്റും നേരിടേണ്ടിവരുന്നുണ്ട്. 
അനാവശ്യമായ സ്പര്‍ശനം, അശ്ലീല മെസേജുകള്‍ വഴിയുള്ള ശല്യപ്പെടുത്തലുകളും ഉണ്ട്. എന്നാല്‍ വെറും എട്ടു ശതമാനം മാത്രമേ കുറ്റകൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. 5,649 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സര്‍വേയില്‍ 25 ശതമാനം പേരാണ് ലൈംഗിക പീഡനം സമ്മതിച്ചത്. എന്നാല്‍ രണ്ടു ശതമാനം മാത്രമാണ് കുറ്റകൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സഹപാഠികളില്‍ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായതായി 3,136 വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 
ലൈംഗിക വിദ്യാഭ്യാസം, ഗര്‍ഭധാരണം എന്നിവ പാഠ്യ വിഷയമായതോടെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. മദ്യപാനം, ഇന്റര്‍നെറ്റ് ദുരുപയോഗം എന്നിവ ലൈംഗിക അതിക്രമം കൂടാന്‍ കാരണമാകുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. 
കൗമാരക്കാരുടെ ഇടയിലെ ഇന്റര്‍നെറ്റ് ദുരുപയോഗവും കുറ്റവാസനകളും കൂടുന്നത് പരിഗണിച്ചു ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരുകയാണ്. കുട്ടികളുടെ സ്‌കൂളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ അതാത് മാനേജുമെന്റുകള്‍ക്കു വിവേചന അധികാരം നല്‍കാനാണ് ആലോചന. 
കുട്ടികളുടെ നെറ്റ് ഉപയോഗം, സോഷ്യല്‍ മീഡിയ ഇടപെടല്‍, ഓണ്‍ലൈന്‍ ഗെയിം എന്നിവ സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നെറ്റ് ഉപയോഗം നിയന്ത്രിക്കാനോ ആവശ്യമെങ്കില്‍ നിരോധിക്കാനോ സ്‌കൂള്‍ അധികൃതര്‍ക്ക് സാധിക്കത്തക്കവിധമാണ് സര്‍ക്കാര്‍ ഇടപെടല്‍. സ്‌കൂളുകളിലെ ഹെഡ് ടീച്ചര്‍മാര്‍ക്ക് ഇതിനുള്ള അധികാരം നല്‍കും. അവര്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം.
നിലവില്‍ പല സ്‌കൂളുകളും സ്വന്തം നിലയ്ക്ക് ക്ലാസ്‌റൂമുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം കൊണ്ടു വന്നിട്ടുണ്ട്. തങ്ങളുടെ സ്‌കൂളിലെ സ്ഥിതി മനസിലാക്കി ഹെഡ് ടീച്ചര്‍മാര്‍ക്ക് സ്‌കൂളിലോ ക്ലാസ് മുറികളിലോ നിരോധനം നടപ്പാക്കാം. കഴിഞ്ഞ സമ്മറില്‍ നിരോധനം സംബന്ധിച്ച ഡ്രാഫ്റ്റ് 
സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്നു. 
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ലൈംഗിക ചൂഷണങ്ങള്‍ക്കും കുറ്റവാസനകള്‍ക്കും പ്രേരകമാകുന്നുണ്ട്. യുകെയില്‍ കൗമാര അക്രമകാരികളുടെ എണ്ണംകൂടിയതും കൊലപാതകവും സംഘര്‍ഷവും തുടര്‍ക്കഥയാവുകയും ചെയ്യുന്നത് ആശങ്ക പരത്തുന്നതായിരുന്നു. 
യുകെയിലെ കൗമാര കൂട്ടായ്മയിലും പാര്‍ട്ടികളിലും മദ്യപാനവും  വലിയും പതിവായതോടെ സ്ഥിതി കൂടുതല്‍ ഗൗരവകരമായി.അനിയന്ത്രിതമായ പുകവലിയും മദ്യപാനവും മൂലം യുകെയിലെ കൗമാരക്കാരുടെ ആരോഗ്യം 17 വയസാകുന്നതോടെ അപകടത്തിലാകുകയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു.

Latest News