ന്യൂദല്‍ഹി- അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഭീകരതയുടെ സൂത്രധാരന്മാരെ ഉന്മൂലനം ചെയ്യാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പുല്‍വാമ ഭീകരാക്രമണത്തിനും ഇന്ത്യയുടെ വ്യോമാക്രമണത്തിനും പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷായിരിക്കെയാണ് ധനമന്ത്രിയുടെ പരാമര്‍ശം. ദല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ കടന്നുകയറിയാണ് അമേരിക്ക അല്‍ ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ലാദനെ പിടികൂടി കൊലപ്പെടുത്തിയത്. യു.എസിന് അങ്ങനെ ചെയ്യമെങ്കില്‍ ഇന്ത്യയ്ക്കും ചെയ്യാം-അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഈ മാസം 14-ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്ഥാനിലെ ബാലക്കോട്ടിലെ തീവ്രവാദി ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തത് അനിവാര്യമായ തിരിച്ചടിയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. തിരിച്ചടിക്കാന്‍ ഒരാഴ്ച എടുത്തത് പോലും നീണ്ട കാലാവധിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും കൂടുതല്‍ സൈനിക നടപടികളിലേക്ക് പോകരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കയുടെ തന്നെ നടപടി ഉദ്ധരിച്ച് ധനമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും പാക് വിദേശകാര്യമന്ത്രി ഷാ മഹ്്മൂദ് ഖുറേഷിയേയും ഫോണില്‍ വിളിച്ചാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യം ഉന്നയിച്ചത്.
40 സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത ജയ്‌ശെ മുഹമ്മദിന്റെ നേതാവ് മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലാണ് കഴിയുന്നത്. മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദും പാക്കിസ്ഥാനിലാണ്- അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നിര്‍മലാ സീതാരാമന്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയാണ് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിന്‍ ഒളിച്ചു കഴിഞ്ഞിരുന്ന അബോട്ടാബാദില്‍നിന്ന് 60 കി.മീ അകലെയാണ് ഇന്ത്യന്‍ വ്യോമ സേന ചൊവ്വാഴ്ച ബോംബിട്ട് തകര്‍ത്ത ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന ബാലക്കോട്ട്.