ന്യുദല്‍ഹി- ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജവാന്‍മാരുടെ ബലിയെ നഗ്നമായി രാഷ്ട്രീയവല്‍ക്കരിച്ചെന്ന ആരോപണവുമായി 21 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു സര്‍വകക്ഷി യോഗം വിളിക്കാത്തത് ഖേദകരമാണെന്നും നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ കീഴ്‌വഴക്കത്തിനെതിരാണിതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രസ്താവന ഇറക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന ശേഷം പ്രസ്താവന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വായിച്ചത്. പുല്‍വാമയില്‍ പാക് ഭീകര സംഘടന ജയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തെ അപലപിക്കുന്ന പ്രസ്താവന കഴിഞ്ഞ ദിവസം വ്യോമ സേന നടത്തിയ മിന്നലാക്രമണത്തെ പ്രശംസിക്കുകയും ചെയ്തു. സായുധ സേനകള്‍ നടത്തിയ ബലികളെ ഭരണ പാര്‍ട്ടിയുടെ നേതാക്കള്‍ രാഷ്ട്രീയ വല്‍ക്കരിക്കുന്നതില്‍ ആഴത്തിലുള്ള അമര്‍ഷം പ്രകടിപ്പിക്കുന്നതായും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അറിയിച്ചു. ദേശീയ സുരക്ഷ ഇടുങ്ങിയ രാഷ്ട്രീയ പരിഗണനയില്‍ ഒതുക്കരുത്. നമ്മുടെ ജനാധിപത്യത്തിലെ നടപ്പു രീതി അനുസരിച്ച് പ്രധാനമന്ത്രി സര്‍വ കക്ഷി യോഗം വിളിക്കാത്തത് ഖേദകരമാണ്. ഇപ്പോള്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയില്‍ പാര്‍ട്ടികല്‍ ആശങ്കയും രേഖപ്പെടുത്തി.
ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ പാക്കിസ്ഥാന്‍ ഉന്നമിടുന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീരിച്ചിട്ടുണ്ട്. ഒരു പോര്‍ വിമാനം നഷ്ടമായതും കാണാതായ പൈലറ്റിന്റെ സുരക്ഷയും ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രസ്താവന പറയുന്നു. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ എല്ലാ നിലയ്ക്കും രാജ്യത്തെ വിശ്വാസത്തിലെടുക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാരാം യെച്ചൂരി പറഞ്ഞു.