ഇസ്ലാമാബാദ്- പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമ സേന വെടിവച്ചിട്ടതിനു പിന്നാലെ പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചു. ലാഹോര്‍, മുള്‍ത്താന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളെല്ലാം ബുധനാഴ്ച രാവിലെ മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇന്ത്യാ-പാക് സര്‍വീസുകളും നിര്‍ത്തി. ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ നൗഷേറ സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ ഇന്ത്യന്‍ വ്യോമ സേന വെടിവെച്ചിട്ടത്. മൂന്ന് പാക് വിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ചത്. ഇവയെ ഇന്ത്യന്‍ സേന തുരത്തിയോടിച്ചു. ഇവയിലൊന്നാണ് പാക് അതിര്‍ത്തിക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സേന തകര്‍ത്തിട്ടത്. പിന്തിരിഞ്ഞു പറക്കുന്നതിനിടെ നൗഷേറ സെക്ടറില്‍ പാക് പോര്‍വിമാനങ്ങള്‍ ബോംബു വര്‍ഷവും നടത്തിയിരുന്നു.