ബീജിംഗ്- പാക്കിസ്ഥാനില്‍ ഇന്ത്യ കൈക്കൊണ്ടത് സൈനിക നടപടിയല്ലെന്നും അവിടത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിശദീകരിച്ചു. ചൈനയിലെ വുഷേനില്‍ റഷ്യ-ഇന്ത്യ-ചൈന (ആര്‍.ഐ.സി) വിദേശ മന്ത്രിമാരുടെ 16 ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യക്കെതിരെ ജയ്‌ഷെ മുഹമ്മദ് വീണ്ടും ഭീകരാക്രമണം നടത്താതിരിക്കാനാണ് അവരുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്നും സ്ഥിതി ഇനിയും വഷളാക്കാന്‍ ഇന്ത്യക്ക് താല്‍പര്യമില്ലെന്നും അവര്‍ പറഞ്ഞു. സംയമന നിലപാട് തുടരുമെന്നും ഉത്തരവാദിത്തത്തോടെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും സുഷമ വിശദീകരിച്ചു.
ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ജയ്‌ശെ മുഹമ്മദ് ഒരുങ്ങുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ച, വ്യോമസേന ക്യാമ്പ് ബോംബിട്ട് നശിപ്പിച്ചത്. ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ ബന്ധു മൗലാനാ യൂസുഫ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന വനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ 1000 പൗണ്ട് ബോംബ് വര്‍ഷിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.