ന്യൂദല്‍ഹി- ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്കയുടെ അഭ്യര്‍ഥന. സ്ഥിതി ഇനിയും വഷളാകുന്നത് തടയാന്‍ എന്തുവില കൊടുത്തും ശ്രമിക്കണമെന്ന് ഇരു രാജ്യങ്ങളിലേയും വിദേശമന്ത്രിമാരെ ടെലിഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു.
ബാലാക്കോട്ടില്‍ ജയ്‌ശെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ത്തതിനു പിന്നാലെയാണ് യു.എസ് വിദേശകാര്യ സെക്രട്ടറി ഇരു രാജ്യങ്ങളിലേയും വിദേശ മന്ത്രിമാരെ വിളിച്ചത്. ഇന്ത്യയുടെ നടപടിയില്‍ സംയമനം പാലിക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട അമേരിക്ക, ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ജയ്‌ശെ മുഹമ്മദ് ഒരുങ്ങുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ച, വ്യോമസേന ക്യാമ്പ് ബോംബിട്ട് നശിപ്പിച്ചത്. ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ ബന്ധു മൗലാനാ യൂസുഫ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന വനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ 1000 പൗണ്ട് ബോംബ് വര്‍ഷിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.