റിയാദ് - ലെവി അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി സൗദി അറേബ്യ വിട്ട വിദേശ തൊഴിലാളികളിൽ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരാണെന്ന് ജദ്‌വ ഇൻവെസ്റ്റ്‌മെന്റ് കമ്പനി റിപ്പോർട്ട്.
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 2,65,000 വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. 2017 ആദ്യം മുതൽ കഴിഞ്ഞ വർഷം മൂന്നാം പാദാവസാനം വരെയുള്ള കാലത്ത് പതിനാലു ലക്ഷത്തോളം വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വിദേശങ്ങളിൽ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുവദിച്ച തൊഴിൽ വിസകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 15,000 സ്വദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. രണ്ടാം പാദത്തിൽ 25,000 ഓളം സൗദികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കുമുള്ള ലെവി ഉയർത്തിയത് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നുണ്ട്.
പുതുതായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതു വഴി ഈ വർഷാവസാനത്തോടെ 1,70,000 സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിവൽക്കരണം നിർബന്ധമാക്കിയ പന്ത്രണ്ടു മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പാക്കേണ്ടത്.
കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ, വാച്ച് കടകൾ, കണ്ണട കടകൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ മൂന്നു ഘട്ടങ്ങളായാണ് സൗദിവൽക്കരണം നിർബന്ധമാക്കിയത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനത്തിൽ നിന്ന് 12.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
2017 ആദ്യം പാദം മുതൽ സൗദികളുടെ വേതനം ക്രമാനുഗതമായി വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സൗദികളുടെ ശരാശരി വേതനം 10,472 റിയാലാണ്.
ഒരു വർഷം മുമ്പ് ഇത് 10,012 റിയാലായിരുന്നു. ഒരു വർഷത്തിനിടെ സൗദികളുടെ വേതനത്തിൽ 4.6 ശതമാനം വർധന രേഖപ്പെടുത്തി.