കർണാടകയിൽ കോൺഗ്രസിന് സിനിമാക്കാരെ കൊണ്ടാണ് ശല്യം. നടി സുമലതയും നടൻ പ്രകാശ് രാജും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസിനാണ് ആശങ്ക സൃഷ്ടിക്കുന്നത്. കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നായിരുന്ന മാണ്ഡ്യയിൽ മത്സരിക്കാനുള്ള പിടിവാശിയിലാണ് സുമലത. സുമലതയുടെ ഭർത്താവും നടനുമായ അമ്പരീഷ് ജയിച്ച മണ്ഡലമായിരുന്നു മാണ്ഡ്യ. എന്നാൽ ഈ സീറ്റിനായി ജനതാദൾ എസും നോട്ടമിട്ടിട്ടുണ്ട്. സുമലത മത്സരിക്കുന്നത് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വലിയ തിരിച്ചടിയാവും.
ബംഗളൂരു സെൻട്രലിൽനിന്ന് മത്സരിക്കാനാണ് നടൻ പ്രകാശ്‌രാജിന്റെ തീരുമാനം. അതിശക്തമായ മോഡി വിമർശനങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് രാജ് കോൺഗ്രസിന്റെ പിന്തുണ തേടിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സീതാരാമയ്യയെ നടൻ നേരിട്ട് ചെന്നു കണ്ടു.
പ്രകാശ് രാജിനെ പിന്തുണക്കാമെന്നും എന്നാൽ പ്രകാശ് രാജ് കോൺഗ്രസിൽ ചേരണമെന്നും കർണാടക കോൺഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി. ദേശീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് സ്വതന്ത്രനെ പിന്തുണക്കാനാവില്ലെന്ന് ഗുണ്ടുറാവു പറഞ്ഞു. എന്നാൽ കോൺഗ്രസിൽ ചേരാൻ പ്രകാശ് രാജ് ഒരുക്കമല്ല. പ്രകാശ് രാജിന് തെന്നിന്ത്യൻ സിനിമയിൽ വലിയ ആരാധകരുണ്ട്. മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആം ആദ്മി പാർട്ടിയും അയൽസംസ്ഥാനമായ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസും നടൻ കമലാഹാസനും പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചു.
ബംഗളൂരു സെൻട്രലിൽ ഇപ്പോൾ ബി.ജെ.പിയുടെ പി.സി മോഹനാണ് സിറ്റിംഗ് എം.പി. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം ഇവിടെ സ്ഥാനാർഥിയെ നിർത്തരുതെന്നും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ആഗ്രഹമെന്നും പ്രകാശ് രാജ് പറയുന്നു. ബംഗളൂരു സെൻട്രലിൽ രിസ്‌വാൻ അർഷാദിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു. 2014 ൽ ഒരു ലക്ഷത്തിലേറെ വോട്ടിന് ഇവിടെ നിന്ന് അർഷാദ് തോറ്റിരുന്നു.
എന്തുകൊണ്ടാണ് ബംഗളൂരു സെൻട്രൽ തെരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോൾ പ്രകാശ് രാജിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ബംഗളൂരു സെൻട്രൽ മിനി ഇന്ത്യയാണ്. എല്ലാ മതങ്ങളും ഭാഷകളും ഇവിടെ സംഗമിക്കുന്നു. ഇവിടെയാണ് ഞാൻ ജനിച്ചത്. പഠിച്ചത് സെയ്ന്റ് മൈക്കിൾസ് പ്രൈമറി സ്‌കൂളിലും സെയ്ന്റ് ജോസഫ്‌സ് കോളേജ് ഓഫ് കോമേഴ്‌സിലുമായിരുന്നു. രവീന്ദ്ര കലാക്ഷേത്രയിലാണ് ഞാൻ അഭിനയം വശത്താക്കിയത്'.
ബി.ജെ.പിയെ പോലെ കോൺഗ്രസിനെയും വിമർശിച്ചിട്ടുള്ള താങ്കൾ എന്തുകൊണ്ട് അവരുടെ പിന്തുണ തേടിയെന്ന് ചോദിച്ചപ്പോൾ എല്ലാ മതേതര പാർട്ടികളുടെയും പിന്തുണ തേടിയിട്ടുണ്ടെന്നായിരുന്നു പ്രതികരണം. മാത്രമല്ല കോൺഗ്രസ് ബംഗളൂരു സെൻട്രലിൽനിന്ന് സമീപകാലത്തൊന്നും വിജയിച്ചിട്ടില്ല. ഇത്തവണ വിജയിക്കാനുമാവില്ല -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനമുണ്ടായിട്ടും പ്രകാശ് രാജ് മത്സരിക്കാൻ തയാറായിരുന്നില്ല. ഇപ്പോൾ ഒരു ഹൈക്കമാന്റിന്റെയും തീട്ടൂരമില്ലാതെ സ്വതന്ത്രനായാണ് മത്സരിക്കുന്നതെന്ന് നടൻ വ്യക്തമാക്കി.
കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചുവരില്ലെന്ന് പ്രകാശ് രാജ് വിശ്വസിക്കുന്നു. ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ ശ്രമം. രണ്ടു മാസം കൊണ്ട് ഇതൊന്നും നടപ്പാക്കാനാവില്ലെന്ന് എല്ലാവർക്കുമറിയാം. കർഷകർക്ക് വർഷം 6,000 രൂപ പ്രഖ്യാപിച്ചത് അവർക്ക് കോഴ കൊടുക്കുന്നതിന് തുല്യമാണ്.
സുഹൃത്തും ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതോടെയാണ് പ്രകാശ് രാജ് പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയത്. വർഗീയതക്കെതിരായ പോരാട്ടം എന്നും തന്റെ രാഷ്ട്രീയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇലക്ഷനിൽ സദ്ഭരണത്തിനാണ് മുൻതൂക്കം. ജനങ്ങളോട് മറുപടി പറയുന്നവർ തെരഞ്ഞെടുക്കപ്പെടണം.
ഒരു പാതിരി എന്നെ ആശംസിക്കുന്നതു കണ്ട് ഞാൻ ക്രിസ്ത്യാനിയാണെന്ന് ട്വിറ്ററിൽ പ്രചാരണം നടത്തി. സ്വാമിമാരും മുല്ലമാരും സിക്ക് ഗുരുക്കന്മാരും എന്നെ ആശീർവദിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഞാൻ മറുപടി നൽകി. എല്ലാ മതങ്ങളെയും ആദരിക്കണം. എന്നാൽ വിശ്വാസം വ്യക്തിപരമായിരിക്കണം. ഇസ്‌ലാമിക രാജ്യങ്ങളിൽനിന്ന് വരുന്ന പെട്രോളും ഡീസലും വേണ്ടെന്നു വെച്ച് ജനങ്ങൾ കാളവണ്ടിയിൽ സഞ്ചരിക്കുമോ? വൈദ്യുതി കണ്ടുപിടിച്ചവന്റെ മതം ആരെങ്കിലും അന്വേഷിക്കാറുണ്ടോ -പ്രകാശ് രാജ് ചോദിക്കുന്നു.
ബംഗളൂരു അവഗണിക്കപ്പെടുകയാണെന്ന് നടൻ പറയുന്നു. മെട്രോയെക്കാൾ ചെലവ് കുറവാണ് ലോക്കൽ ട്രെയിൻ പദ്ധതിക്ക്. എന്നാൽ അതിന് മുൻഗണനയില്ല. ഫുട്പാത്തുകൾ പോലും എവിടെ? ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങൾ അവഗണിക്കപ്പെട്ടു. ജനപ്രതിനിധികൾ ജനങ്ങളെ പരിഗണിക്കുന്നേയില്ല -പ്രകാശ് രാജ് പറഞ്ഞു.