ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യ തകര്‍ത്ത മൂന്ന് ഭീകര ക്യാമ്പുകളും ഫൈവ് സ്റ്റാര്‍ ഹോട്ടലിന് തുല്യമെന്ന് റിപ്പോര്‍ട്ട്. കാട്ടിനുള്ളിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നെങ്കിലും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് അവിടെയുള്ളത്. നിയന്ത്രണരേഖയില്‍നിന്ന് എണ്‍പത് കിലോമീറ്റര്‍ അകലെ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ ക്യാമ്പുകള്‍.
ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പഠിപ്പിക്കുകയും ഭീകരവാദത്തിനായി പരിശീലനം നല്‍കുകയും ചെയ്തിരുന്ന ക്യാമ്പാണിത്. കുനാര്‍ നദീതീരത്തുള്ള ക്യാംപില്‍ സ്വിമ്മിങ് പൂള്‍ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നീന്തല്‍ പരിശീലനം നടത്തുന്നതിനായിട്ടായിരുന്നു ഇത് നിര്‍മ്മിച്ചിരുന്നതെന്നാണ് സൂചന. പാക് സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥരും ഇവിടെ പരിശീലിപ്പിക്കാന്‍ എത്താറുണ്ടെന്നാണ് വിവരം. അല്‍ ഖ്വായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അബട്ടാബാദിന് അടുത്തുള്ള പ്രദേശമാണിത്.
ജയ്‌ഷെ മുഹമ്മദ് ഭീകരരെയും അക്രമികളെയും പരീശീലകരെയും ബാലാകോട്ടിലെ ഈ ക്യാംപിലേക്ക് മാറ്റിയതായി ഇന്ത്യയ്ക്ക് രഹസ്യാന്വേഷണ വിഭാഗം അറിയിപ്പു നല്‍കിയിരുന്നു. 500 മുതല്‍ 700 പേരെ വരെ ഇവിടെ താമസിപ്പിക്കാന്‍ സാധിക്കും. പാചകക്കാരും ശുചീകരണത്തൊഴിലാളികളും ഇവര്‍ക്ക് സഹായവുമായി ഇവിടെയുണ്ട്. പാക്ക് അധിനിവേശ കശ്മീരില്‍ ആക്രമണത്തിനുള്ള സാധ്യത അവര്‍ പരിഗണിച്ചെങ്കിലും ഇത്രയും ഉള്ളിലേക്ക് കടന്നുചെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല.