ഷാര്‍ജ- ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനമടിച്ച മലയാളി, ടിക്കറ്റ് നാട്ടില്‍ മറന്നുവെച്ചു. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ഷാര്‍ജയില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം അരയിലകത്തിനാണ് (31) 10 ലക്ഷം യുഎസ് ഡോളര്‍ സമ്മാനം ലഭിച്ചത്.
നാട്ടില്‍ അവധിക്ക് പോയപ്പോള്‍ ടിക്കറ്റ് കൂടി കൊണ്ടുപോയിരുന്നു. അവിടെ മറന്ന ടിക്കറ്റ് എടുത്തുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ദുബായ് ഡ്യൂട്ടി ഫ്രി നറുക്കെടുപ്പില്‍ ജേതാവാകുന്ന 139–ാമത്തെ ഇന്ത്യക്കാരനാണ് ഷാര്‍ജ എമിറേറ്റ്സ് നാഷനല്‍ ഫാക്ടറി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയില്‍ അക്കൗണ്ടന്റായ മുഹമ്മദ് അസ്ലം.
നാട്ടില്‍വെച്ച് പിതാവിന് ടിക്കറ്റ് കൈമാറിയ താന്‍ ഇതിന് സമ്മാനം കിട്ടണമെന്ന് പ്രാര്‍ഥിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടെന്നും അത് ഫലിച്ചെന്നും അസ്ലം പറഞ്ഞു. കുടുംബത്തെ മുഴുവന്‍ ഷാര്‍ജയിലേക്ക് കൊണ്ടുവരാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ നറുക്കെടുപ്പില്‍ മലയാളിയായ ജോണ്‍ കുര്യന് (56) ഓഡി ആര്8 ആര്‍ഡബ്ല്യുഎസ് വി10 കൂപെ കാര്‍ സ്വന്തമാക്കി. പുതുവത്സത്തില്‍ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു ടിക്കറ്റെടുത്തത്. കാസര്‍കോട് ബങ്കര മഞ്ചേരം സ്വദേശി അബ്ദുല്ലക്ക് (55) ബിഎംഡബ്ല്യു ആര്9 കാറും സമ്മാനമായി ലഭിച്ചു.