ലണ്ടന്‍ :അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീ വിഷയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്കു യാതൊരു പഞ്ഞവുമില്ല. ആരോപണമുന്നയിച്ച സ്ത്രീകളെ പണം നല്‍കി ട്രംപ് ഒതുക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ട്രംപിനെതിരെ മറ്റൊരു ആരോപണം കൂടി വന്നിരിക്കുന്നു. ട്രംപ് അനുവാദമില്ലാതെ തന്നെ ചുംബിച്ചെന്ന ആരോപണവുമായി ട്രംപിന്റെ സഹപ്രവര്‍ത്തകയാണ് രംഗത്തുവന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പ്രചരണ വേളയിലാണ് സംഭവം. ഫ്‌ളോറിഡയിലെ താംബയില്‍ 2016 ലെ റാലിയ്ക്ക് തൊട്ടുമുമ്പായിരുന്ന സംഭവമെന്നും ട്രംപിനൊപ്പം പ്രചരണ രംഗത്തുണ്ടായിരുന്ന അല്‍വ ജോണ്‍സണ്‍ ആരോപിക്കുന്നു. ഇത് സ്ത്രീകള്‍ക്കെതിരായ അതിക്രമമാണെന്ന് ആരോപിച്ച് അല്‍വ ജോണ്‍സണ്‍ ഫ്‌ളോറിഡയിലെ യു.എസ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
2016 ആഗസ്റ്റ് 24ന് നടന്ന റാലിക്ക് തൊട്ടുമുമ്പ് ഒരു പ്രചരണ വാഹനത്തിനുള്ളില്‍ വെച്ചാണ് ഇത് സംഭവിച്ചതെന്നാണ് യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങവേ ട്രംപ് തന്റെ കയ്യില്‍ പിടിക്കുകയും ശരീരത്തോട് ചേര്‍ന്ന് നിന്ന് ചുംബിക്കുകയുമായിരുന്നെന്നാണ് ഹര്‍ജിയില്‍ അല്‍വ ആരോപിക്കുന്നത്. ഇത് തടയാനായി താന്‍ മുഖം ചരിച്ചെങ്കിലും ട്രംപ് ബലം പ്രയോഗിക്കുകയും മുഖത്തിന്റെ ഒരുഭാഗത്ത് ചുംബിക്കുകയുമായിരുന്നെന്നും ഇവര്‍ വിശദീകരിക്കുന്നു.
അങ്ങേയറ്റം അധിക്ഷേപിക്കപ്പെട്ടതുപോലെയാണ് തനിക്ക് തോന്നിയത്. ആ സമയത്ത് ട്രംപിന്റെ അടുത്ത അനുയായികളായ അന്നത്തെ ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, ട്രംപിന്റെ ഫ്‌ളോറിഡ കാമ്പെയ്ന്‍ ഡയറക്ടര്‍ കരണ്‍ ഗിയോര്‍ണോ എന്നിവര്‍ ആ സമയത്ത് പ്രചരണ വാഹനത്തിലുണ്ടായിരുന്നെന്നും അല്‍വ പറയുന്നു.
എന്നാല്‍ ആരോപണം അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്റേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടില്ല. വിശ്വസ്തരായ ഒന്നിലധികം സാക്ഷികളുടെ മൊഴിക്ക് വിരുദ്ധമാണിത്. പ്രസ്താവന പറയുന്നു.